കൊല്ലം: എസ്.എൻ.ഡി.പി യോഗം ആസ്ഥാനമന്ദിരത്തിലേക്ക് വെള്ളിയാഴ്ച സംരക്ഷണസമിതി മാർച്ച് നടത്തും. അസ്ഥാനമന്ദിരത്തിന് ഏഴുനില കെട്ടിടം നിർമിക്കാൻ സമുദായ അംഗങ്ങളിൽനിന്ന് 5.5 കോടി തട്ടിപ്പ് നടത്തിയ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ചെന്ന് എസ്.എൻ.ഡി.പി യോഗം സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എസ്.എൻ കോളജ് ജങ്ഷനിലെ യോഗം വക 60 സെൻറ് സ്ഥലത്ത് ബഹുനില മന്ദിരം പണിയുമെന്ന് പറഞ്ഞാണ് 10 വർഷത്തിന് മുമ്പ് പിരിവ് നടത്തിയത്. ആർ. ശങ്കറിെൻറ കാലത്ത് പണിത പഴയകെട്ടിടം മോടിപിടിപ്പിക്കുക മാത്രമാണ് ഇപ്പോൾ ചെയ്തത്. ഒരു കോടി രൂപയുടെ നവീകരണം മാത്രമെ ഇവിടെ നടന്നിട്ടുള്ളൂ. കൊല്ലം ശങ്കേഴ്സ് ആശുപത്രിയെ തകർക്കുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്. ഫാർമസിയും ലാബും സ്വകാര്യവ്യക്തിക്ക് വിൽക്കാൻ നടപടി തുടങ്ങി. നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് അഴിമതിക്കേസ്, എസ്.എൻ കോളജ് ജൂബിലി ഫണ്ട് തട്ടിപ്പ് എന്നിവയിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ആസ്ഥാന മന്ദിരത്തിെൻറ ഉദ്ഘാടനം നടക്കുന്ന വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ശരദാ മഠത്തിന് മുന്നിൽനിന്ന് പ്രതിഷേധ മാർച്ച് തുടങ്ങും. അഞ്ചൂറിലധികം പ്രവർത്തകർ പങ്കെടുക്കുമെന്നും അറിയിച്ചു. ഭാരവാഹികളായ ഡി. രാജ്കുമാർ ഉണ്ണി, കടകംപള്ളി മനോജ്, എസ്. ചന്ദ്രസേനൻ, ഡോ.ആർ. മണിയപ്പൻ, പാട്ര രാഘവൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.