കുണ്ടറ: കിഴക്കേ കല്ലട നാവുങ്കരയിൽ ആറുമാസമായി ആനയെ തളച്ചതിനെക്കുറിച്ച 'മാധ്യമം' വാർത്തയെ തുടർന്ന് ജില്ല ഫോറസ്റ്റ് ഓഫിസ് അന്വേഷണം ആരംഭിച്ചു. വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ജില്ല എ.സി.എഫ് ഹീരാലാൽ 'മാധ്യമ'ത്തോട് പറഞ്ഞു. ഉടമസ്ഥാവകാശം ഉൾപ്പെടെ വിവരങ്ങൾ ലഭിക്കുന്ന ചിപ്പ് പരിശോധിക്കുകയും ആനയുടെ ഇപ്പോഴത്തെ സ്ഥിതി അവലോകനം ചെയ്ത് നടപടി സ്വീകരിക്കുകയും ചെയ്യും. റിപ്പോർട്ട് ബുധനാഴ്ച ലഭിക്കും. തുടർന്ന് നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്ര നാളായിട്ടും പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഇവിടെ ആനയെ തളച്ചിരുന്നത് അറിഞ്ഞില്ല. ആനയെ സംരക്ഷണമില്ലാതെ അലക്ഷ്യമായി തളച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ട തദ്ദേശവാസി കിഴക്കേ കല്ലട പൊലീസിൽ പരാതിപ്പെട്ടിട്ടും അവർ വിവരം വനം വകുപ്പിനെ അറിയിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. ആറുമാസം മുമ്പാണ് ആനയെ ഇവിടെ കെട്ടിയിട്ടതെന്ന് നാട്ടുകാർ പറയുമ്പോൾ നാല് മാസമേ ആയിട്ടുള്ളൂ എന്നാണ് ആനയുമായി ബന്ധപ്പെട്ടവർ പറയുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഉത്സവത്തിനെത്തിച്ച ആനക്ക് മദപ്പാട് കണ്ടതിനെ തുടർന്നാണ് പ്രദേശത്ത് തളച്ചതെന്നും ഇവർ പറയുന്നു. മദപ്പാട് ശ്രദ്ധയിൽെപട്ട ആനയെ ഇത്ര അലക്ഷ്യമായും നിരുത്തരവാദപരവുമായാണോ പരിപാലിക്കേണ്ടത് എന്ന് നാട്ടുകാർ ചോദിക്കുമ്പോഴും അധികൃതർക്ക് വ്യക്തമായ മറുപടിയില്ല. കേരളത്തിൽ കഴിഞ്ഞ വർഷം നാൽപതോളം ആനകൾ െചരിഞ്ഞതായാണ് വിവരം. പലതും വനംവകുപ്പു പോലും അറിഞ്ഞിട്ടില്ലെത്ര. വന്യജീവി സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ടവരുടെ അനാസ്ഥയാണ് കിഴക്കേ കല്ലട നാവുങ്കരയിലെ ആനപീഡനം പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണം. ആനക്ക് മതിയായ സംരക്ഷണവും ചികിത്സയും സുരക്ഷിതത്വവും നൽകാൻ താമസിക്കുകയാണെങ്കിൽ കേന്ദ്ര വനം വകുപ്പിന് പരാതി നൽകാനുള്ള തയാറെടുപ്പിലാണ് പ്രദേശത്തെ പരിസ്ഥിതിപ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.