കുടവട്ടൂരിൽ അനധികൃത ക്വാറികളിലെ ജലനിരപ്പുയർന്നു

* നൂറോളം ക്വാറികളാണ് ഖനനംശേഷം നികത്താത്തത് (ചിത്രം) വെളിയം: കുടവട്ടൂരിലെ അനധികൃത ക്വാറികളിലെ ജലനിരപ്പുയരുന്നു. ഇത് ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. പ്രദേശത്ത് നൂറോളം ക്വാറികളാണ് ഖനനശേഷം നികത്താതെ കിടക്കുന്നത്. 450 അടി താഴ്ചയിൽവരെ ഇവിടെ ജലം കെട്ടിക്കിടക്കുന്നു. ഇതിനിടെ പാറ മാഫിയകൾ വീണ്ടും ഖനനം നടത്തുന്നതിന് കോടികൾ പിരിച്ച് വകുപ്പുതലത്തിൽ ഇടപെട്ട് തുടങ്ങിയപ്പോഴാണ് പ്രളയം ഉണ്ടായത്. മഴയിൽ ക്വാറികളിലെ ജലനിരപ്പ് വർധിച്ചത് സമീപവാസികളെ ആശങ്കയിലാക്കുന്നു. ക്വാറികളിലേക്ക് പോകുന്ന വഴി ഇപ്പോൾ കാട്മൂടിക്കിടക്കുകയാണ്. ചിലർ ക്വാറികളിൽ നിന്നും പൈപ്പ് ഉപയോഗിച്ച് വെള്ളമെടുക്കുന്നുണ്ട്. ഇത് പ്രദേശത്തെ ഹോട്ടലുകളിലും ബേക്കറികളിലും ഉപയോഗിക്കുകയാണ്. ശുദ്ധമല്ലാത്ത ജലം ഇത്തരത്തിൽ ഉപയോഗിക്കുന്നത് പകർച്ചവ്യാധികൾക്ക് കാരണമാവുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ക്വാറികളിൽ വൻതോതിൽ മാലിന്യം തള്ളുന്നതും പതിവായിരിക്കുകയാണ്. ഇതിനുപുറമേ ക്വാറികളുടെ വശങ്ങൾ തകർന്ന് വിസ്തൃതി വർധിക്കുന്നത് സമീപത്തെ നിരവധി വീടുകൾ പൂർണമായും ഇല്ലാതാവാൻ കാരണമാകുമെന്ന് പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അപകടാവസ്ഥയിലാക്കിയ ക്വാറികൾ നികത്തുന്നതടക്കം വിഷയത്തിൽ അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.