സൂപ്പര്‍ സ്‌പെഷാലിറ്റി കേഡർ; പലർക്കും നഷ്​ടമായത്​ സർവിസ്​ സീനിയോറിറ്റി

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി കേഡർ രൂപവത്കരിച്ചതോടെ പലർക്കും നഷ്ടമായത് സർവിസ് സീനിയോറിറ്റി. യൂറോളജി പോലുള്ള സ്‌പെഷാലിറ്റികളില്‍ ചീഫ് കണ്‍സള്‍ട്ടൻറായിരുന്നവര്‍ക്ക് പുതിയ കേഡറിൽ ലഭിച്ചത് അതിനുതാഴെയുള്ള കണ്‍സള്‍ട്ടൻറ് തസ്തികയാണ്. അതേസമയം, അസിസ്റ്റൻറ് സര്‍ജനായിരുന്നയാള്‍ കാര്‍ഡിയോളജിയില്‍ സീനിയര്‍ കണ്‍സള്‍ട്ടൻറാവുകയും ചെയ്തു. സൂപ്പർ സ്പെഷാലിറ്റി കേഡറിനെ സ്വാഗതം ചെയ്യുേമ്പാഴും പട്ടികയിലെ അപാകത പരിഹരിക്കണമെന്ന ആവശ്യവുമായി സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷൻ രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞദിവസമാണ് സൂപ്പർ സ്പെഷാലിറ്റി കേഡറിന് രൂപം നൽകി ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. സ്‌പെഷാലിറ്റി കേഡര്‍ നടപ്പാക്കിയപ്പോള്‍ സീനിയോറിറ്റിക്കായി സര്‍വിസ്‌കൂടി പരിഗണിച്ചിരുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായി സൂപ്പർ സ്പെഷാലിറ്റി യോഗ്യത നേടിയ തീയതി മാത്രമാണ് പുതിയ കേഡര്‍ സൃഷ്ടിച്ചപ്പോള്‍ സീനിയോറിറ്റിക്കായി ആരോഗ്യവകുപ്പ് പരിഗണിച്ചത്. ഇതോടെയാണ് കേഡർ മാറ്റത്തിനൊപ്പം നിലവിലുണ്ടായിരുന്ന സര്‍വിസ് സീനിയോറിറ്റി നഷ്ടമായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സീനിയോറിറ്റി പരിഗണിക്കുന്നതിന് നിശ്ചയിച്ച മാനദണ്ഡം കാരണം അധിക യോഗ്യതയുള്ള പലരും സൂപര്‍സ്‌പെഷാലിറ്റിയില്‍ ഓപ്ഷന്‍ നൽകിയുമില്ല. എന്നാൽ, ഒാപ്ഷൻ നൽകിയവരെ പരിഗണിച്ചില്ലെന്നും കരടുപട്ടിക പ്രസിദ്ധീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. അധിക യോഗ്യതയുള്ളവരുടെ സേവനം പൊതുജനാരോഗ്യമേഖലയില്‍ ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് കേഡര്‍ രൂപവത്കരിച്ചത്. പി.ജി യോഗ്യതക്കുശേഷം വിവിധ വിഷയങ്ങളില്‍ ഡി.എം, എം.സി.എച്ച്, ഡി.എന്‍.ബി യോഗ്യതയുള്ളവർ ഉള്‍പ്പെടുന്നതാണ് ഇൗ കേഡർ. കണ്‍സള്‍ട്ടൻറ്, സീനിയര്‍ കണ്‍സള്‍ട്ടൻറ്, ചീഫ് കണ്‍സള്‍ട്ടൻറ് തസ്തികകളിലാണ് ഇതില്‍ നിയമനം. ഇതിനായി ഡോക്ടര്‍മാരുടെ താൽപര്യപത്രം ക്ഷണിച്ചിരുന്നു. അതിലാണ് ഓപ്ഷന്‍ നല്‍കിയ പലരെയും പരിഗണിച്ചില്ലെന്ന പരാതി ഉയർന്നത്. നിയമനപട്ടികയുടെ കരട് പ്രസിദ്ധീകരിക്കാതിരുന്നതും ആക്ഷേപങ്ങള്‍ക്കിടയാക്കി. ന്യൂറോസര്‍ജറി, പീഡിയാട്രിക് സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, ഗ്യാസ്‌ട്രോ തുടങ്ങിയ സ്‌പെഷാലിറ്റികളെ ഇപ്പോള്‍ പരിഗണിച്ചിട്ടില്ല. ചില ആശുപത്രികളില്‍ അധിക സൗകര്യമൊരുക്കാതെ സൂപ്പര്‍ സ്‌പെഷാലിറ്റി നിയമനം നടത്തിയത് രോഗികൾക്കും ഡോക്ടർമാർക്കും ഗുണത്തെക്കാളേറെ ബുദ്ധിമുട്ടാവും സൃഷ്ടിക്കുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. - എ. സക്കീർ ഹുസൈൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.