ചവറ: ജലജീവികളുടെ ആവാസവ്യവസ്ഥക്ക് ഭീഷണിയായ കരിംകൂളയെന്ന കുളവാഴകളെ നശിപ്പിക്കാൻ വരട്ടെ, മത്സ്യസമ്പത്തിന് നാശമാകുന്ന ഈ കായൽ ചെടിയിൽനിന്ന് വൈവിധ്യമാർന്ന ഉൽപന്നങ്ങൾ നിർമിക്കാൻ കഴിയുമെന്നത് കാണിച്ചുതരികയാണ് പന്മന സ്വദേശിയായ വിദ്യാർഥിനി. പന്മന ചിറ്റൂർ കുറുമുള്ളയിൽ ബാബു-രമണി ദമ്പതികളുടെ മകൾ നീതു ബാബുവാണ് 'പായൽ പൂ' എന്ന വിളിപ്പേരുള്ള കുളവാഴയിൽനിന്ന് വിവിധതരം ഉൽപന്നങ്ങൾ നിർമിക്കുന്നത്. ബ്രഷ്, ചവിട്ടുപായ, ബാഗ്, പാവകൾ, കളിപ്പാട്ടങ്ങൾ, പെൻസിൽ ബോക്സ്, ചിത്രങ്ങൾ, മുഖംമൂടി, പാത്രങ്ങൾ, ചെറിയ വട്ടി തുടങ്ങി ഉപയോഗപ്രദവും കൗതുകകരവുമായ വിവിധതരം ഉൽപന്നങ്ങളാണ് നീതുവിെൻറ കരവിരുതിൽ രൂപപ്പെടുന്നത്. ആഴമുള്ള തണ്ടുള്ള കുളവാഴ 12 ദിവസം കൊണ്ടാണ് ജലാശയങ്ങളിൽ വ്യാപിക്കുന്നത്. പല രാജ്യങ്ങളിലും കടുത്ത ജല, പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുള്ള ഇവയെ നശിപ്പിക്കാതെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തിയാൽ പല പ്രയോജനങ്ങളുമുണ്ടാകുമെന്ന് നീതു പറയുന്നു. ഇലകളും തണ്ടുകളും പൂക്കളും വേരും ഉൾപ്പെടെയെല്ലാം നിർമാണ പ്രവർത്തനങ്ങൾക്കെടുക്കാൻ കഴിയും. കുളവാഴ കായലുകൾക്കും കായൽജീവികൾക്കും ദോഷകരമായി ബാധിക്കുമെന്ന തിരിച്ചറിവാണ് ഇതുപയോഗിച്ചുള്ള നിർമാണത്തിന് പ്രചോദനമായതെന്ന് നീതു പറയുന്നു. വീടിനു സമീപമുള്ള ടി.എസ് കനാലിൽനിന്ന് കുളവാഴ ചെടിയായി പറിച്ചെടുത്ത് വേര് മുറിച്ച് മാറ്റിയശേഷം തണ്ടും ഇലയും നന്നായി കഴുകി ഒരിഞ്ച് നീളത്തിൽ അരിഞ്ഞെടുക്കും. ഒരു കിലോ കുളവാഴക്ക് അര കിലോ പേപ്പർ എന്ന കണക്കിൽ ഇവ രണ്ടും ആവിയിൽ പുഴുങ്ങും. തുടർന്ന് രണ്ടും ചേർത്ത് മിക്സിയിൽ അരച്ചെടുത്ത് പൾപ്പ് രൂപത്തിലാക്കും. ഈ പൾപ്പെടുത്ത് നിർമിക്കുന്ന ഉൽപന്നത്തിനാവശ്യമായ പശയുമുപയോഗിച്ചാണ് നിർമാണം. കുളവാഴ കൊണ്ടുണ്ടാക്കി ഭിത്തികളിലായി തൂക്കിയിടുന്ന ചിത്രങ്ങൾക്കായി കളർ പെയിൻറുകൾ കൂടി ഉപയോഗിക്കും. നീതു ഉണ്ടാക്കിയ ഉൽപന്നങ്ങൾ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ഈ വർഷം തിരുവനന്തപുരത്ത് സംഘടിപ്പിച്ച കോൺഗ്രസിൽ അവതരിപ്പിച്ച് അംഗീകാരം നേടിയിരുന്നു. നിർമാണ പ്രവർത്തനങ്ങളുടെ സഹായത്തിനായി കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിയായ സുഹൃത്ത് ആര്യരാജും ഒപ്പമുണ്ട്. കുളവാഴ ഉൽപന്നങ്ങളുടെ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് വിവിധ കുടുംബശ്രീ യൂനിറ്റുകളിൽ ക്ലാസെടുക്കാനും പോകുന്നു. കുളവാഴ കൊണ്ടുണ്ടാക്കിയ ബാഗിൽ പച്ചക്കറി വിത്തുകൾ നട്ടുവളർത്താൻ കഴിയുന്നതിനാൽ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറക്കാൻ കഴിയും. ഇതിെൻറ നാര് ഉണക്കി ബാഗുകളും പഴ്സും ഉണ്ടാക്കാമെന്നും ശങ്കരമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ നീതു പറയുന്നു. സ്കൂളിലെ നാഷനൽ സർവിസ് സ്കീം യൂനിറ്റിലെ സജീവ അംഗമായിരുന്ന നീതു പഠനത്തിനൊപ്പം ജൈവവൈവിധ്യ പരീക്ഷണങ്ങളും തുടരാനുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.