റമദാൻ വി​ശേഷം

എണ്ണപ്പലഹാരങ്ങൾക്ക് പ്രിയമേറുന്നു ചവറ: നോമ്പുകാലമെത്തിയാൽ വടക്കൻ കേരളത്തിൽ ഒഴിച്ചുകൂടാനാകാത്ത എണ്ണയിൽ പൊരിച്ച പലഹാരങ്ങൾക്ക് തെക്കൻ കേരളത്തിൽ പ്രിയമേറുന്നു. ഉന്നക്കായ, സമൂസ, കായ വറുത്തത്, ബജി, ഊത്തപ്പം തുടങ്ങി വൈവിധ്യമാർന്ന വടക്കൻ വിഭവങ്ങളാണ് പുതുരുചികളുമായി കൊല്ലത്തെത്തിയിരിക്കുന്നത്. കൂടാതെ, സമൂസയും ഉള്ളി വടയും ബജിയുമൊക്കെ ഉണ്ട്. തിളച്ച് മറിയുന്ന എണ്ണയിൽ നിന്നും ഇവ കോരുംമുമ്പേ കൊണ്ടുപോകാൻ കാത്തുനിൽക്കുന്നവരുടെ നീണ്ട നിരയാണ് വൈകീട്ട് മാത്രം തുറക്കുന്ന എണ്ണപ്പലഹാര കേന്ദ്രങ്ങൾക്ക് മുന്നിൽ. സമൂസയാണ് ഏറ്റവും കൂടുതൽ പേർക്ക് വേണ്ടത്. ചിക്കൻ, ബീഫ്, വെജിറ്റബിൾ തുടങ്ങി പല ചേരുവകളോടെയാണ് സമൂസയുടെ കച്ചവടം. വെജിറ്റബിൾ, ബീഫ്, ചിക്കൻ കട്ലറ്റുകൾ, ഉള്ളിവട, ഉഴുന്ന് വട, എന്നിവയ്ക്കൊപ്പം മുളക് ബജി, മുട്ടബജി, ആലു ബജി തുടങ്ങി പലഹാര പ്രിയരെ ആകർഷിക്കാൻ വിഭവങ്ങൾ നിരവധിയാണ്. മുമ്പ് കാരയ്ക്കയും ജ്യൂസും പഴവർഗങ്ങളുമൊക്കെയാണ് നോമ്പുതുറയ്ക്ക് തയാറാക്കിയിരുന്നതെങ്കിൽ ഇന്നത് പാടെ മാറി. തീൻ മേശക്ക് മുന്നിൽ മലബാർ മോഡൽ പൊരിച്ച വിഭവങ്ങൾ ഇടംപിടിച്ചിരിക്കുകയാണ്. നൂറ് രൂപ മുടക്കിയാൽ ഒരുവീട്ടിലേക്ക് ആവശ്യമുള്ള വിവിധ ഇനം പലഹാരങ്ങൾ വാങ്ങാമെന്നതും സായാഹ്ന ലഘുഭക്ഷണ വിൽപന കേന്ദ്രങ്ങളെ ആകർഷകമാക്കുന്നുണ്ട്. നിരവധി വീടുകളിലും വ്രതകാലത്തെ മുന്നിൽകണ്ട് നിരവധി വീടുകളിലും വിൽപനക്കായി നോമ്പുതുറ വിഭവങ്ങൾ തയാറാക്കുന്നുണ്ട്. ശുദ്ധമായ വെളിച്ചെണ്ണയിൽ കൺമുന്നിൽ തയാറാക്കി നൽകുന്നതിനാൽ ഇത്തരം കേന്ദ്രങ്ങളിൽ വിശ്വസിച്ച് വാങ്ങാമെന്നാണ് പാർസലിനായി കാത്തുനിൽക്കുന്നവരും പറയുന്നത്. നോമ്പ് പത്ത് നാൾ എത്തിയതോടെ രുചിക്കൊപ്പം വിഭവങ്ങളിലെ വൈവിധ്യങ്ങളും ഒരുക്കി ആവശ്യക്കാരെ ആകർഷിക്കുകയാണ് നോമ്പ് കാലത്തെ എണ്ണപ്പലഹാര കേന്ദ്രങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.