ത്രിതല ക്ഷീര സഹകരണ മേഖല: പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: ത്രിതല ക്ഷീര സഹകരണ മേഖലയെക്കുറിച്ച് പഠനം നടത്തുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി മന്ത്രി കെ. രാജുവിന് റിപ്പോര്‍ട്ട് കൈമാറി. ലിഡ ജേക്കബ് അധ്യക്ഷയായ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25 ശിപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്. ത്രിതല ക്ഷീര സഹകരണ സംവിധാനം നിലനിര്‍ത്തി മേഖലാ യൂനിയനുകളുടെ എണ്ണം മൂന്നില്‍നിന്ന് രണ്ടാക്കി കുറക്കണമെന്നാണ് ആദ്യശിപാര്‍ശ. എറണാകുളം തിരുവനന്തപുരം മേഖലാ യൂനിയനുകളെ സംയോജിപ്പിച്ച് പുനഃസംഘടന നടത്തുന്നതിനും ശിപാര്‍ശ ചെയ്തു. മേഖലാ യൂനിയൻ നിയമനം പി. എസ്. സി വഴി നടത്തുക, അസി. മാനേജര്‍ മുതല്‍ മുകളിലുള്ള ജീവനക്കാരുടെ കോമണ്‍ കാഡര്‍ കൊണ്ടുവരുക, മേഖലാ യൂനിയനുകള്‍, ഫെഡറേഷന്‍ എന്നിവിടങ്ങളില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ്, ടെക്‌നിക്കല്‍ ഓഡിറ്റ് എന്നിവ നടത്തുക, അഞ്ചു വര്‍ഷത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധനകാര്യ വിശകലനം നടത്തുക, പൊതുഅക്കൗണ്ടിങ് സംവിധാനം നടപ്പാക്കുക, ഭരണസമിതിയില്‍ പുതുമുഖങ്ങള്‍ക്ക് അവസരം ഒരുക്കുക, പരമാവധി മൂന്നു തവണ മാത്രമേ ഒരാള്‍ക്ക് ഭരണസമിതിയില്‍ തുടരാനാവൂ എന്ന വ്യവസ്ഥ നടപ്പാക്കുക, ആര്‍ ആൻഡ് ഡി വിഭാഗം പുനഃസംഘടിപ്പിക്കുക, മൂല്യവർധിത ഉൽപന്നങ്ങള്‍ തയാറാക്കുന്നതിനും വിപണനം നടത്തുന്നതിനും സംവിധാനം ഒരുക്കുക, പുതിയ മാര്‍ക്കറ്റിങ് മേഖല കണ്ടെത്തുക, മൂന്ന് വര്‍ഷത്തിലേറെയായി സംഘങ്ങളില്‍ പാല്‍ നല്‍കാത്തവരെ അംഗത്വത്തില്‍നിന്ന് ഒഴിവാക്കുക, ഫാമുകള്‍ക്ക് ലൈസന്‍സിനുള്ള പരിധി അഞ്ചില്‍നിന്ന് 10 പശുക്കളായി ഉയര്‍ത്തുക തുടങ്ങിയവയാണ് പ്രധാന ശിപാര്‍ശകള്‍. ലിഡാ ജേക്കബ്, അനിൽ സേവ്യർ, ശശികുമാർ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.