നഗരൂര്‍ വില്ലേജ് ഓഫിസ് സ്മാര്‍ട്ടാക്കും ^എം.എൽ.എ

നഗരൂര്‍ വില്ലേജ് ഓഫിസ് സ്മാര്‍ട്ടാക്കും -എം.എൽ.എ കിളിമാനൂര്‍: ആറ്റിങ്ങല്‍ മണ്ഡലത്തിലെ നഗരൂര്‍ വില്ലേജ് ഓഫിസ് സ്മാര്‍ട്ട് വില്ലേജ് ഓഫിസായി മാറ്റുമെന്ന് ബി. സത്യൻ എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതോടെ മണ്ഡലത്തില്‍ സ്മാര്‍ട്ട് ആയി മാറുന്ന ഏക വില്ലേജും നഗരൂരാവും. സ്ഥലപരിമിതിമൂലവും അപര്യാപ്തകളാലും വീര്‍പ്പുമുട്ടുകയായിരുന്നു വില്ലേജ് ഓഫിസ്. അരനൂറ്റാണ്ടിലധികം പഴക്കമുള്ള ഓട് മേഞ്ഞ കെട്ടിടം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഒപ്പം മച്ചിന് മുകളില്‍ വര്‍ഷങ്ങളായി താമസമാക്കിയിട്ടുള്ള മരപ്പട്ടികളുടെ ശല്യംകൂടിയായതോടെ ഇവിടെ ഫയലുകളും മറ്റും സൂക്ഷിക്കുന്നതുതന്നെ വെല്ലുവിളിയായി. വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവര്‍ക്ക് വിശ്രമിക്കാനോ പ്രാഥമികാവശ്യങ്ങള്‍ക്കോ സൗകര്യമില്ലാത്തതും പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതു സംബന്ധിച്ച് നിരന്തരം വാർത്തകൾ വന്നതോടെ വിഷയം ബി. സത്യന്‍ എം.എല്‍.എ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് സ്മാര്‍ട്ടാക്കിമാറ്റുന്ന വില്ലേജ് ഓഫിസുകളില്‍ നഗരൂരിനെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. നിലവില്‍ വില്ലേജ് ഓഫിസ് സ്ഥിതിചെയ്യുന്ന റവന്യൂഭൂമിയില്‍ 44 ലക്ഷം ചെലവിട്ട് 1200ചതുരശ്ര അടി വലുപ്പമുള്ള കെട്ടിടമാണ് പണിയുന്നത്. വില്ലേജ് ഓഫിസിലെത്തുന്നവര്‍ക്ക് കാത്തിരിക്കാന്‍ ഇരിപ്പിടം, ശുചിമുറി, കുടിവെള്ള സംവിധാനം എന്നിവയെല്ലാം ഒരുക്കും. ജീവനക്കാര്‍ക്ക് പ്രത്യേകം ക്യാബിനുകളും ഫയലുകള്‍ സൂക്ഷിക്കാന്‍ സ്ഥിരംസംവിധാനവും ഒരുക്കും. വൈ-ഫൈ അടക്കമുള്ള സംവിധാനങ്ങളും, സമ്പൂര്‍ണ ഡിജിറ്റലൈസേഷനും പദ്ധതിയുടെ ഭാഗമായി ഒരുക്കും. വില്ലേജ് ഓഫിസ് സ്മാര്‍ട്ടായി മാറുന്നതോടേ ഇവിടെനിന്നുള്ള സേവനങ്ങളും അതിവേഗം ജനങ്ങള്‍ക്ക് ലഭ്യമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.