മൂക്ക് പൊത്തി ജനം പറയുന്നു, പത്തനാപുരമെത്തി...

*നഗരം ചീഞ്ഞുനാറിയിട്ടും മാലിന്യംനീക്കാൻ നടപടിയെടുക്കാതെ അധികൃതർ പത്തനാപുരം: നഗരമധ്യത്തില്‍ മാലിന്യം കുന്നുകൂടുേമ്പാഴും നിസ്സംഗതയോടെ അധികാരികൾ. പത്തനാപുരത്ത് പൊളിച്ചുമാറ്റിയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തി​െൻറ സ്ഥലത്തേക്ക് കൂടി മാലിന്യം വ്യാപിച്ചിരിക്കയാണിപ്പോൾ. പൊതുമാര്‍ക്കറ്റിലെ മാലിന്യം നീക്കംചെയ്തിട്ട് ആഴ്ചകളായി. മത്സ്യമാംസാവശിഷ്ടങ്ങള്‍ കുന്നുകൂടി പുഴുവരിച്ച നിലയില്‍ ദുര്‍ഗന്ധം വമിക്കുകയാണ്. ഇത് വ്യാപാരികളെയും പൊതുജനങ്ങളെയും ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. രാത്രിയായാല്‍ പ്രദേശമാകെ ദുര്‍ഗന്ധം പരക്കുന്നത് കാരണം ടൗണിലൂടെ മൂക്കുപൊത്താതെ യാത്ര ചെയ്യാന്‍ കഴിയില്ല. മാലിന്യസംസ്കരണത്തിന് അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മാലിന്യം നീക്കുന്നതിന് ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാത്തതും സംസ്കരണത്തിനായി പ്രത്യേകസ്ഥലം കണ്ടെത്താന്‍ കഴിയാത്തതുമാണ് പ്രധാനപ്രശ്നം. എസ്.എഫ്.സി.കെയുടെ പറങ്കിമാംതോട്ടത്തിലും പഞ്ചായത്തി​െൻറ നീലിക്കോണത്തെ വസ്തുവിലും മാലിന്യനിക്ഷേപത്തിന് ശ്രമമുണ്ടായെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ല. പിന്നീട് പലതവണ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തില്‍ അവലോകനയോഗങ്ങള്‍ നടന്നെങ്കിലും മാലിന്യപ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞില്ല. മാര്‍ക്കറ്റിനുള്ളില്‍ വൈദ്യുതി ഉൽപാദനത്തിന് ബയോഗ്യാസ് പ്ലാൻറും ജൈവവളനിർമാണത്തിന് എയ്റോബിക് പ്ലാൻറും സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഇവയും ഫലപ്രദമല്ല. മാര്‍ക്കറ്റിലെ വ്യാപാരികള്‍ അതാത് വ്യാപാരശാലകളിലെ മാലിന്യങ്ങള്‍ നീക്കംചെയ്യണമെന്ന് ആരോഗ്യവകുപ്പും പഞ്ചായത്തും നിര്‍ദേശം നല്‍കിയെങ്കിലും അതും പ്രായോഗികമായിട്ടില്ല. ദുര്‍ഗന്ധം കാരണം വ്യാപാരശാലകളില്‍ എത്താൻ ജനം മടിക്കുകയാണ്. മാലിന്യനീക്കത്തിന് മാത്രം പ്രതിമാസം 40000 രൂപയാണ് പത്തനാപുരം പഞ്ചായത്ത് ചെലവഴിക്കുന്നത്. പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുകയും പൊതുജനത്തി​െൻറ ബുദ്ധിമുട്ടിന് പരിഹാരംകാണാന്‍ അധികൃതര്‍ ശ്രമിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.