കർശന ദേഹപരിശോധനയിൽ വലഞ്ഞ്​ വിദ്യാർഥികൾ; 'നീറ്റ്'​ പരീക്ഷ പൂർത്തിയായി

തിരുവനന്തപുരം: വിദ്യാർഥികളെ കർശന ദേഹപരിശോധനക്ക് വിധേയമാക്കി നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) രാജ്യത്തെ 150 കേന്ദ്രങ്ങളിൽ പൂർത്തിയായി. സംസ്ഥാനത്ത് പത്ത് നഗരങ്ങളിലായി ഒരു ലക്ഷത്തിൽപരം പേരാണ് മെഡിക്കൽ, അനുബന്ധ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള പരീക്ഷയെഴുതിയത്. കര്‍ശനമായ ഡ്രസ് കോഡ് പരീക്ഷാനടത്തിപ്പ് ചുമതലയുള്ള സി.ബി.എസ്.ഇ നിര്‍ദേശിച്ചിരുന്നു. പരീക്ഷക്ക് ഫുള്‍ സ്ലീവ് വസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥികളെ തടഞ്ഞു. കോഴിക്കോട് ജില്ലയില്‍ ഇത്തരത്തില്‍ ഫുള്‍ സ്ലീവ് ധരിച്ചെത്തിയ ചില പരീക്ഷാര്‍ഥികളുടെ ഫുള്‍ സ്ലീവ് അധികൃതര്‍ മുറിച്ചശേഷമാണ് പരീക്ഷാ ഹാളില്‍ പ്രവേശിപ്പിച്ചത്. അരക്കൈക്ക് മുകളിൽ വസ്ത്രം മുറിക്കാൻ നിർദേശിച്ചതും വിവാദമായി. അരക്കൈ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ എന്ന് സി.ബി.എസ്.ഇ മാര്‍ഗനിര്‍ദേശം നൽകിയിരുന്നു. രാവിലെ 10ന് ആരംഭിച്ച പരീക്ഷ ഉച്ചക്ക് ഒന്നിന് പൂര്‍ത്തിയായി. മലപ്പുറത്ത് അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷാകേന്ദ്രത്തി​െൻറ വിലാസത്തില്‍ വന്ന പിശക് പരീക്ഷാർഥികളെ വലച്ചതായി പരാതി ഉയർന്നു. മഞ്ചേരിയിലെ മുബാറക് സ്‌കൂളില്‍ പരീക്ഷയെഴുതേണ്ടവരാണ് പരീക്ഷ തുടങ്ങുന്നതിന് മുമ്പ് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള യഥാർഥകേന്ദ്രം അന്വേഷിച്ച് അലയേണ്ടിവന്നത്. അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷാകേന്ദ്രമായി 'മുബാറക് സ്‌കൂള്‍, കൊരമ്പയില്‍ ആശുപത്രിക്ക് സമീപം' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, മൂന്നു കിലോമീറ്റര്‍ അപ്പുറത്തുള്ള സ്‌കൂളി​െൻറ സെക്കന്‍ഡറി വിഭാഗം പ്രവര്‍ത്തിക്കുന്ന മറ്റൊരു കെട്ടിടമായിരുന്നു പരീക്ഷാകേന്ദ്രമായി നിശ്ചയിച്ചിരുന്നത്. രാവിലെ 7.30 മുതല്‍ വിദ്യാർഥികള്‍ക്ക് പരീക്ഷാ ഹാളിലേക്ക് പ്രവേശനം അനുവദിച്ചു. ലോഹ വസ്തുക്കള്‍ ധരിക്കാന്‍ അനുവദിച്ചില്ല. സുരക്ഷക്കായി പൊലീസിനെ വിന്യസിച്ചിരുന്നു. പരീക്ഷാ കേന്ദ്രങ്ങളിലേക്കും മറ്റും ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനും അധികൃതര്‍ ശ്രദ്ധിച്ചു. പരീക്ഷാകേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി അധിക സര്‍വിസുകള്‍ നടത്തിയത് വിദ്യാർഥികള്‍ക്ക് ആശ്വാസമായി. ജില്ലകളില്‍ പ്രത്യേക സഹായകകേന്ദ്രങ്ങളും തുറന്നിരുന്നു. പരീക്ഷയിൽ ഫിസിക്സ് ചോദ്യങ്ങൾ കടുപ്പമേറിയതായിരുന്നെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഫലം ജൂൺ അഞ്ചിനകം പ്രസിദ്ധീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.