ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കൽ: ഭൂ ഉടമകൾ കൂട്ടത്തോടെ നിയമനടപടിക്കൊരുങ്ങുന്നു

കൊട്ടിയം: ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കുന്നതിനുവേണ്ടി തയാറാക്കിയ പുതിയ അലൈൻമ​െൻറിനെതിരെ ഭൂമി വിട്ടുനൽകേണ്ടവർ കൂട്ടത്തോടെ നിയമനടപടിക്കൊരുങ്ങുന്നു. അവധി കഴിഞ്ഞ് കോടതികളുടെ പ്രവർത്തനം തുടങ്ങുന്ന മുറക്ക് ഹൈകോടതിയിൽ ഇതുസംബന്ധിച്ച് ഹരജി നൽകാനാണ് ഇവരുടെ തീരുമാനം. അലൈൻമ​െൻറിനെതിരെ പരാതി നൽകിയിട്ടും അവ പരിഗണിക്കാനോ പരിശോധിക്കാനോ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തയാറാകാത്തതിനെ തുടർന്നാണ് ഇവർ കോടതിയെ സമീപിക്കുന്നത്. അലൈൻമ​െൻറിനെതിരെ പരാതി ഉയർന്ന സ്ഥലങ്ങളിൽ ദേശീയപാത അതോറിറ്റിയുടെ (എൻ.എച്ച്.എ.ഐ) പ്രോജക്റ്റ് ഡയറക്ടർ പരിശോധനക്കെത്താതെ കൺസൾട്ടൻറ് എത്തിയതും ചിലയിടങ്ങളിൽ ഒരുവശത്തുനിന്ന് മാത്രം സ്ഥലം ഏറ്റെടുക്കുന്നതും കോടതിയെ ബോധ്യപ്പെടുത്താനാണ് ഇവരുടെ നീക്കം. ഏതാനും വർഷംമുമ്പ് ഹൈവേക്കായി സ്ഥലം ഏറ്റെടുക്കുന്നതിനുവേണ്ടി നോട്ടിഫിക്കേഷൻ പുറത്തിറക്കുകയും സ്ഥലം അളന്നുതിരിച്ച് കല്ലിടുകയും ചെയ്തിരുന്നു. അന്നിട്ട കല്ലിന് പുറകിലോട്ട് വീടുകളും മറ്റും മാറ്റിവെച്ച പലരും ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. പുതിയ അലൈൻമ​െൻറ് വന്നപ്പോൾ പുതുതായി വെച്ച കെട്ടിടങ്ങളും പൊളിക്കേണ്ട സ്ഥിതിയാണ്. വളവ് നിവർത്താനെന്ന പേരിലാണ് പലയിടത്തും ഒരുഭാഗത്തുനിന്ന് മാത്രംസ്ഥലം ഏറ്റെടുക്കുന്നത്. ഇത് വലിയവളവുകൾ ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കൂവെന്നാണ് പറയുന്നത്. സ്ഥലം വിട്ടുകൊടുക്കുന്നവർക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച ആശങ്കയും ഭൂമി വിട്ടുനൽകുന്നവർക്കിടയിലുണ്ട്. നഷ്ടപരിഹാരത്തുക കണക്കാക്കുന്നത് എങ്ങനെയെന്നോ പരമാവധി എത്രതുക ലഭിക്കുമെന്നോ വ്യക്തതയില്ല. കോടതിയെ സമീപിച്ച് ഇതിനും വ്യക്തത വരുത്തുക എന്ന ലക്ഷ്യവും ഇവർക്കുണ്ട്. പലസ്ഥലങ്ങളിലും സ്റ്റാമ്പ് ഡ്യൂട്ടി കുറക്കുന്നതിനായി കുറഞ്ഞ വിലയ്ക്കാണ് ആധാരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പള്ളിമുക്ക് എൻ.എച്ച്.എൽ.എ തഹസിൽദാരുടെ പരിധിയിലാണ് അലൈൻമെ​െൻറിനെതിരെ വ്യാപകപരാതിയുള്ളത്. വാഴപ്പള്ളി മുതൽ ഉമയനല്ലൂർ വരെ റോഡി​െൻറ വടക്കുവശത്തുനിന്നു മാത്രം സ്ഥലം ഏറ്റെടുക്കുന്നതിനെതിരെയാണ് കൂടുതൽ പ്രതിഷേധം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.