പോരുവഴി സഹകരണ ബാങ്ക്​ സസ്​പെൻഷനിലായ സെക്രട്ടറിക്കെതിരെ ​കേസെടുത്തു

ശാസ്താംകോട്ട: നിക്ഷേപകരുടെ പണം വ്യാജരേഖ ചമച്ചും കള്ള ഒപ്പിട്ടും തട്ടിയെടുത്ത സംഭവത്തിൽ സസ്പെൻഷനിലായ പോരുവഴി സഹകരണ ബാങ്ക് സെക്രട്ടറി രാജേഷ് കുമാറിനെതിരെ ശൂരനാട് പൊലീസ് ധനാപഹരണത്തിനും കുറ്റകരമായ വിശ്വാസവഞ്ചനക്കും കേസെടുത്തു. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ബാങ്ക് പ്രസിഡൻറ് കോശി പാറത്തുണ്ടിൽ സെക്രട്ടറി രാജേഷ്കുമാറിനെ സസ്പെൻഡ് ചെയ്തത്. ഒപ്പം തന്നെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കണക്കെടുപ്പും തുടങ്ങി. പ്രസിഡൻറ് ശൂരനാട് പൊലീസിൽ നൽകിയ പരാതിയിൽ 21 ലക്ഷം രൂപ അപഹരിച്ചതായാണ് വെളിപ്പെട്ടത്. നാല് ദിവസമായി തുടരുന്ന പരിശോധനയിൽ കൂടുതൽ തട്ടിപ്പുകൾ പുറത്തുവരികയാണ്. 92 വയസ്സുകാരനായ നിക്ഷേപകൻ 2016 നവംബർ 13ന് സേവിങ്സ് ബാങ്കിൽ ഇട്ട അഞ്ച് ലക്ഷം രൂപ കഴിഞ്ഞ വർഷം സെപ്റ്റംബർ 16ന് വ്യാജരേഖ ചമച്ചും കള്ള ഒപ്പിട്ടും തട്ടിയെടുത്തതാണ് ഒടുവിൽ കണ്ടെത്തിയ സംഭവം. ഇതിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടെന്നാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. രാജേഷ്കുമാറിനെ സസ്പെൻഡ് ചെയ്ത പ്രസിഡൻറി​െൻറ നടപടിക്ക് വ്യാഴാഴ്ച ചേർന്ന ബാങ്ക് ഭരണസമിതി സാധൂകരണം നൽകി. ശനിയാഴ്ച സഹകരണ വകുപ്പ് അസി. രജിസ്ട്രാർ ബാങ്ക് കേന്ദ്ര ഒാഫിസിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രാജേഷ്കുമാറിനെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് ഉടൻ തന്നെ വിജിലൻസ്, ക്രൈംബ്രാഞ്ച് വിഭാഗങ്ങൾക്ക് കൈമാറുമെന്ന് ശൂരനാട് സ്റ്റേഷൻ ഹൗസ് ഒാഫിസർ സജീവ്കുമാർ അറിയിച്ചു. ഒരുകോടി രൂപയിലധികം അപഹരിച്ചിട്ടുണ്ടാകുമെന്ന നിഗമനമാണ് അന്വേഷണ ഉദ്യോഗസ്ഥർക്കുള്ളത്. 10 മാസമായി നടക്കുന്ന തട്ടിപ്പിനെയും അതിന് കൂട്ടുനിന്നവരെയും പറ്റി വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലൻസ് ട്രൈബ്യൂണലിൽ ബുധനാഴ്ച പരാതിനൽകുമെന്ന് കുന്നത്തൂർ താലൂക്ക് ജനജാഗ്രതാ സമിതി കൺവീനർ പി. പ്രകാശ്കുമാർ അറിയിച്ചു. ഇതിന് സമാന്തരമായി തട്ടിപ്പിനിരയായ നിക്ഷേപകർ ഹൈകോടതിയേയും സംസ്ഥാന വിജിലൻസ്, ക്രൈംബ്രാഞ്ച് മേധാവിമാരെയും സമീപിക്കുന്നുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.