പുനലൂർ: സംരക്ഷിത സ്മാരകമായ പുനലൂർ തൂക്കുപാലം നവീകരണത്തിന് സർക്കാർ 16 ലക്ഷം രൂപ അനുവദിച്ചു. പാലത്തിെൻറ ഇരുവശത്തും ഇരുമ്പ് വല സ്ഥാപിക്കാനും ഇളകിയ പലകകൾ പുനഃസ്ഥാപിക്കാനുമാണ് ഈ തുക ഉപയോഗിക്കുക. കൂടാതെ പാലത്തിെൻറ തൂണുകളിലും ആർച്ചിലും കിളിച്ച ആൽമരം നീക്കംചെയ്യുകയും മറ്റ് അത്യാവശ്യ അറ്റകുറ്റപ്പണിയും നടത്തും. പടിഞ്ഞാറെ കവാടത്തിൽ ടൈലുകൾ പാകി ആകർഷണമാക്കും. നിർമാണ പ്രവർത്തനങ്ങളുടെ മുന്നോടിയായി പുരാവസ്തുവകുപ്പിലെ സർവേ വിഭാഗം ഉദ്യോഗസ്ഥർ ബുധനാഴ്ച പാലം സന്ദർശിച്ച് സർവേ നടത്തി. പണി പൂർത്തിയായാൽ പിന്നീട് തൂക്കുപാലത്തിൽ കയറുന്നതിന് ടിക്കറ്റ് ഏർപ്പെടുത്താനും നീക്കമുണ്ട്. രണ്ടു കോടിയോളം രൂപ ചെലവിട്ട് കഴിഞ്ഞ സർക്കാറിെൻറ കാലത്താണ് പാലം അറ്റകുറ്റപ്പണി ചെയ്ത് ആകർഷകമാക്കിയത്. ഇതിനാവശ്യമായ കമ്പകതടി വനംവകുപ്പിൽനിന്ന് അനുവദിച്ചിരുന്നു. എന്നാൽ, നിർമാണത്തിലെ അപാകതയെ തുടർന്ന് പലകകൾ വ്യാപകമായി ഇളകിയത് അപകടഭീഷണിയുയർത്തിയിരുന്നു. ഇതുസംബന്ധിച്ച് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇരുവശങ്ങളും തുറസ്സായി കിടക്കുന്നതിനാൽ കുട്ടികൾ പാലത്തിൽനിന്ന് ആറ്റിൽ വീഴാൻ സാധ്യതയുണ്ട്. മൂന്ന് വർഷം മുമ്പ് നവീകരണം നടത്തുമ്പോൾ ചെയ്യേണ്ടിയിരുന്ന ഈ ജോലികൾ മുടക്കുകയായിരുന്നു. പാലം കൂടുതൽ ആകർഷണീയമാക്കാനുള്ള നടപടിയാവശ്യപ്പെട്ട് തൂക്കുപാലം സംരക്ഷണസമിതി പ്രവർത്തകരായ എ.കെ. നസീർ, സുരാജ് യമുന എന്നിവർ വകുപ്പ് അധികൃതർക്ക് നിവേദനം നൽകി. പാലത്തോടനുബന്ധിച്ച് പൂന്തോട്ടം, കല്ലടയാറ്റിൽ ബോട്ട് സർവിസ് എന്നിവയാണ് പ്രധാനമായും ചെയ്യേണ്ടത്. വകുപ്പ് മന്ത്രിക്കും നിവേദനം നൽകുമെന്ന് ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.