ആളൊരുക്കത്തിന് അവാർഡ് ലഭിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി ^സംവിധായകൻ വി.സി. അഭിലാഷ്​

ആളൊരുക്കത്തിന് അവാർഡ് ലഭിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി -സംവിധായകൻ വി.സി. അഭിലാഷ് *ലെനിൻ രാജേന്ദ്രനും കെ.എസ്.എഫ്.ഡി.സിയും അവഗണിച്ചു തിരുവനന്തപുരം: ലെനിൻ രാജേന്ദ്രനെപ്പോലുള്ള സംവിധായകൻ ചെയർമാനായിരിക്കുന്ന കെ.എസ്.എഫ്.ഡി.സിയിൽനിന്നുപോലും കടുത്ത അവഗണനയാണ് ആളൊരുക്കം സിനിമക്ക് നേരിടേണ്ടിവന്നതെന്ന് സംവിധായകൻ വി.സി. അഭിലാഷ്. തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.എഫ്.ഡി.സിയുടെ കീഴിലുള്ള കോഴിക്കോട് ശ്രീ തിയറ്ററിൽ ആളൊരുക്കം ദിവസം ഒരു ഷോ നടത്താൻ പോലും ആദ്യം അനുവദിച്ചില്ല. പ്രതിദിനം 28,000 രൂപ വാടക കൊടുത്തിട്ട് സിനിമ പ്രദർശിപ്പിക്കാനാണ് ലെനിൻ രാജേന്ദ്രൻ തന്നോട് പറഞ്ഞതെന്ന് അഭിലാഷ് പറഞ്ഞു. മുമ്പ് 'രാത്രി മഴ' എന്ന സിനിമക്ക് നേരിട്ട അവഗണന തുറന്നുപറഞ്ഞ സംവിധായകൻ ലെനിൻ രാജേന്ദ്രനിൽനിന്ന് ഇത് പ്രതീക്ഷിച്ചില്ല. മന്ത്രി എ.കെ. ബാലൻ ഇടപെട്ട് കോഴിക്കോട് ശ്രീ തിയറ്ററിൽ ഷോ അനുവദിച്ചപ്പോൾ തൃശൂരിലെ സർക്കാർ തിയറ്ററിൽനിന്ന് സിനിമയെ ഒഴിവാക്കുകയും ചെയ്തു. മറ്റു സിനിമകളുടെ പ്രദർശനത്തിൽ സാമ്പത്തിക ബാധ്യതയുള്ളതിനാൽ ആളൊരുക്കം പ്രദർശിപ്പിക്കാനാകില്ലെന്നാണ് കെ.എസ്.എഫ്.ഡി.സിയുടെ തലപ്പത്തുള്ള ഉദ്യോഗസ്ഥ നിലപാടെടുത്തത്. മികച്ച സിനിമകളെ പ്രോത്സാഹിപ്പിക്കാൻ കൂടി ലക്ഷ്യമിട്ട് തുടങ്ങിയ കെ.എസ്.എഫ്.ഡി.സിയുടെ ഇന്നത്തെ നടത്തിപ്പ് സംബന്ധിച്ച് സർക്കാർ പുനരാലോചന നടത്തണം. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയപ്പോൾ ഇന്ദ്രൻസിനു വേണ്ടി സമൂഹമാധ്യമങ്ങളിൽ ജയ് വിളിച്ചവരിൽ നാലിലൊന്ന് പേർ തിയറ്ററിൽ പോയി 'ആളൊരുക്കം' കണ്ടിരുന്നെങ്കിൽ സിനിമ സാമ്പത്തിക വിജയം നേടുമായിരുന്നു. അവാർഡ് പ്രഖ്യാപന സമയത്ത് േഫസ്ബുക്കിൽ ഉൾപ്പെടെയുണ്ടായ പുകഴ്ത്തലുകളും പ്രശംസകളുമെല്ലാം വ്യാജനിർമിതിയായിരുന്നെന്ന് ബോധ്യമായി. ഇന്ദ്രൻസിന് അനുകൂലമായി സമൂഹമാധ്യമങ്ങളിൽ ഉയർന്ന വികാരം കണ്ടാണ് അതിനു തൊട്ടുപിന്നാലെ സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. ആ തീരുമാനം മണ്ടത്തമായെന്നും അഭിലാഷ് പറഞ്ഞു. ആളൊരുക്കം അവാർഡ് സിനിമയല്ല എന്ന് പലരോടും കരഞ്ഞുപറയേണ്ട അവസ്ഥയായിരുന്നു. ഒരു വേള സിനിമക്ക് അവാർഡ് ലഭിക്കേണ്ടിയിരുന്നില്ല എന്നുപോലും തോന്നിയിട്ടുണ്ട്. അവാർഡ് പ്രതീക്ഷിച്ചല്ല, തിയറ്റർ വിജയം ആഗ്രഹിച്ച് ചെയ്ത കമേഴ്സ്യൽ സിനിമയാണ് ആളൊരുക്കമെന്ന് അഭിലാഷ് പറഞ്ഞു. അഭിനേതാക്കളായ ശ്രീകാന്ത് മേനോൻ, വിഷ്ണു, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ വർഗീസ് ഫെർണാണ്ടസ് തുടങ്ങിയവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.