പൊലീസിനും മനുഷ്യാവകാശങ്ങളുണ്ടെന്ന് സമൂഹം മനസ്സിലാക്കണം^ രാജേഷ് ദിവാൻ

പൊലീസിനും മനുഷ്യാവകാശങ്ങളുണ്ടെന്ന് സമൂഹം മനസ്സിലാക്കണം- രാജേഷ് ദിവാൻ *ദക്ഷിണമേഖല എ.ഡി.ജി.പി അനിൽകാന്തിന് ഉത്തരമേഖലയുടെ അധികചുമതല തിരുവനന്തപുരം: മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ പൊലീസ് സേനാംഗങ്ങൾ പ്രതിബദ്ധതയോടെ പ്രവർത്തിക്കണമെന്ന് പറയുമ്പോൾതന്നെ അവർക്കും മനുഷ്യാവകാശങ്ങളുണ്ടെന്ന് സമൂഹം മനസ്സിലാക്കണമെന്ന് ഉത്തരമേഖല ഡി.ജി.പിയായി വിരമിച്ച രാജേഷ് ദിവാൻ. സംസ്ഥാന പൊലീസ് ഒരുക്കിയ വിടവാങ്ങൽ പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ ജനസംഖ്യയുള്ള പല സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്യുന്നതിനെക്കാൾ കൂടുതൽ കേസുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നതുവഴി കേരള പൊലീസിന് ജനങ്ങൾക്ക് കൂടുതൽ നീതി നൽകാൻ കഴിയുന്നുണ്ട്. അതിനായി പൊലീസിന് പലപ്പോഴും സങ്കീർണമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കേണ്ടിവരുന്നു. എന്നാൽ, അത്തരം സങ്കീർണതകളെയും പരിമിതികളെയും സമൂഹം വേണ്ടത്ര തിരിച്ചറിയുന്നില്ല. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് ജനസംഖ്യാനുപാതികമായി വേണ്ടതിലും വളരെ കുറവാണ് നമ്മുടെ പൊലീസ് സ്റ്റേഷനുകളിലെ അംഗബലം. അതിനാൽ നമ്മുടെ നഗര --ഗ്രാമപ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലെ അംഗസംഖ്യ വലിയതോതിൽ വർധിപ്പിക്കേണ്ടതുണ്ട്. ഔദ്യോഗിക ചുമതല ഫലപ്രദമായി നിർവഹിക്കുന്നതിന് പൂർണപിന്തുണ നൽകിയ മുഖ്യമന്ത്രിക്കും സർക്കാറിനും അദ്ദേഹം നന്ദി പറഞ്ഞു. ഡി.ജി.പിമാരായ ഡോ. നിർമൽചന്ദ്ര അസ്താന, എ. ഹേമചന്ദ്രൻ, എൻ. ശങ്കർ റെഡ്ഡി, ബി.എസ്. മുഹമ്മദ് യാസിൻ, എ.ഡി.ജി.പിമാരായ ടോമിൻ ജെ. തച്ചങ്കരി, സുധേഷ് കുമാർ, ഡോ. ബി. സന്ധ്യ, നിതിൻ അഗർവാൾ, ടി.കെ. വിനോദ്കുമാർ, ഐ.ജിമാരായ ദിനേന്ദ്രകശ്യപ്, പി. വിജയൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 1986 ബാച്ച് കേരള കാഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജേഷ് ദിവാൻ ഡി.ജി.പി െട്രയിനിങ്, ഡി.ജി.പി അഡ്മിനിസ്േട്രഷൻ (ഹെഡ്ക്വാർട്ടേഴ്സ്) എന്നീ ചുമതലകൾ വഹിച്ചു. 2006 മുതൽ 2008 വരെ സുഡാനിലെ ഐക്യരാഷ്ട്രസഭാ ദൗത്യസംഘത്തിൽ ഡെപ്യൂട്ടി പൊലീസ് കമീഷണറായും 2009 മുതൽ 2011വരെ പൊലീസ് കമീഷണറായും സേവനം അനുഷ്ഠിച്ചു. സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ (2016) ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ അൻഷു ദിവാൻ. എയ്റോസ്പേസ് എൻജിനീയറായ കൊനാൽ ദിവാൻ, ബിസിനസ് അഡ്മിനിസ്േട്രഷൻ ബിരുദധാരിയായ ക്ഷിതിജ് ദിവാൻ എന്നിവർ മക്കളാണ്. രാജേഷ് ദിവാൻ വിരമിച്ചതോടെ ദക്ഷിണമേഖല എ.ഡി.ജി.പി അനിൽകാന്തിന് ഉത്തരമേഖലയുടെ അധിക ചുമതലകൂടി നൽകി ഡി.ജി.പി ലോക്നാഥ് െബഹ്റ ഉത്തരവിറക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.