ആധുനിക മെഷീൻ വാങ്ങാനാവുന്നില്ല; കുടുംബശ്രീ നാപ്കിൻ യൂനിറ്റുകൾ പ്രതിസന്ധിയിൽ

കൊല്ലം: ആധുനികവത്കരണമില്ലാത്തതിനാൽ കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന സാനിറ്ററി നാപ്കിൻ യൂനിറ്റുകൾ പ്രതിസന്ധിയുടെ വക്കിൽ. യൂനിറ്റുകൾക്ക് സ്വന്തമായി പാഡ് നിർമിക്കാനുള്ള മെഷീൻ ഉണ്ടെങ്കിലും ചിറകുള്ള പാഡുകൾ നിർമിക്കാനുള്ള ആധുനിക മെഷീനി​െൻറ അഭാവമാണ് പ്രതിസന്ധിക്ക് കാരണം. 2014-ലാണ് കുടുംബശ്രീ സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ സാനിറ്ററി നാപ്ക്കിനുകളുടെ നിർമാണം ആരംഭിച്ചത്. ആദ്യഘട്ടങ്ങളിൽ സാധാരണ പാഡുകളാണ് നിർമിച്ചുനൽകിയിരുന്നത്. പിന്നീട് ചിറകുള്ള പാഡുകളുടെ കടന്നുവരവോടെ യൂനിറ്റുകൾ പ്രതിസന്ധിയിലാവുകയായിരുന്നു. തികച്ചും പ്രകൃതിദത്തമായ കുടുംബശ്രീ നാപ്കിനുകൾ ഗുണമേന്മ ഏറെയുണ്ടെങ്കിലും കാഴ്ചക്ക് മികച്ചതായിരുന്നില്ല. യൂനിറ്റ് തുടങ്ങാനെടുത്ത പണം അടയ്ക്കാനാകാതെ പലരും കടക്കെണിയിലായപ്പോഴാണ് ചിറകുള്ള പാഡുകളുടെ വിപണനത്തിലേക്ക് കടന്നത്. 'ക്യൂ ഡേയ്സ്' എന്ന പേരിലാണ് ഇവ വിപണിയിലെത്തിക്കുന്നത്. നിലവിൽ കാസർകോട്, കണ്ണൂർ, എറണാകുളം, വയനാട്, ഇടുക്കി, തൃശൂർ, കോട്ടയം, കൊല്ലം എന്നിവിടങ്ങളിലായി ഒമ്പത് യൂനിറ്റുകളുണ്ട്. യൂനിറ്റ് അംഗങ്ങൾ ഒരുമിച്ച് കോയമ്പത്തൂരിൽ ഒരു കമ്പനിയുടെ മെഷീൻ വാടകക്കെടുത്താണ് ഇത്തരം നാപ്കിൻ ഉൽപാദിപ്പിക്കുന്നത്. ഒാരോ യൂനിറ്റിനും മാസം നല്ല തുക വരുമാനമുണ്ടെങ്കിലും വായ്പ തിരിച്ചടയ്ക്കേണ്ടതിനാൽ ലാഭം നേടാൻ കഴിയുന്നില്ല. പൾപ്പ് ഉപയോഗിച്ചാണ് നാപ്കിനുകൾക്കുള്ള അടരുകൾ നിർമിക്കുന്നത്. പ്രകൃതിദത്തമായതിനാൽ ആവശ്യക്കാരും ഏറുന്നുണ്ട്. സ്കൂളുകളിലും മറ്റുമാണ് വിൽപന കൂടുതലുള്ളത്. ബാക്കിയുള്ളവ കുടുംബശ്രീ അംഗങ്ങൾ വഴിയും വിതരണം ചെയ്യും. എട്ട് പാഡുകളുള്ള പാക്കറ്റിന് 34 രൂപയും വലിയ പാക്കറ്റിന് 36 രൂപയുമാണ് വില. വിൽപന വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഏറെ ലാഭമുണ്ടാക്കാൻ കഴിയുമെങ്കിലും ആധുനിക മെഷീനുകൾ വാങ്ങാനുള്ള സാമ്പത്തികഭദ്രത ഇല്ലാത്തതിനാൽ ആശങ്കയിലാണ് കുടുംബശ്രീ പ്രവർത്തകർ. ആസിഫ് എ. പണയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.