തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കഞ്ചാവുവേട്ട. 10 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി മധുരൈ, കിടാരപ്പട്ടി സ്വദേശി കറുപ്പയ്യയെയാണ് (57) സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. ചില്ലറ വിൽപന വിപണിയിൽ ഏകദേശം 10 ലക്ഷത്തോളം വില വരുമെന്ന് പൊലീസ് അറിയിച്ചു. നഗരത്തിലെ കഞ്ചാവ് മൊത്ത കച്ചവടക്കാർക്ക് വൻതോതിൽ കഞ്ചാവ് എത്തിച്ചുനൽകുന്നയാളാണ് കറുപ്പയ്യയെന്ന് പൊലീസ് അറിയിച്ചു. വഞ്ചിയൂർ, ഉപ്പിടാമൂട് പാലത്തിന് സമീപം രണ്ടുകിലോ വീതമുള്ള അഞ്ചുപൊതി കഞ്ചാവ് അടങ്ങിയ ബാഗുമായാണ് പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയ കഞ്ചാവ് കച്ചവടക്കാരുടെ പക്കൽനിന്ന് കഞ്ചാവ് എത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. ആന്ധ്രയിൽനിന്ന് കുറഞ്ഞ വിലക്ക് ട്രെയിൻ വഴിയോ റോഡിലൂടെയോ കഞ്ചാവ് എത്തിക്കുന്നതാണ് സംഘങ്ങളുടെ രീതി. ഇത് നിരീക്ഷിച്ചാണ് കഞ്ചാവുമായി എത്തിയ ഇയാളെ പിടികൂടിയത്. ലഹരി ഉപയോഗത്തിെൻറ വർധന കണക്കിലെടുത്ത് സിറ്റി പൊലീസ് കോളജുകളിൽ നടപ്പാക്കിയ ആൻറി നാർക്കോക്ലബ്, ഡിസ്ട്രിക്ട് ആൻറി നർക്കോട്ടിക് സ്പെഷൽ ഫോഴ്സ് എന്നിവയുടെ ഭാഗമായി രൂപവത്കരിച്ച സ്പെഷൽ ഷാഡോ സംഘമാണ് കറുപ്പയ്യയെ പിടികൂടിയത്. കമീഷണർ പി. പ്രകാശ്, ഡി.സി.പി ജയദേവ്, കൺട്രോൾ റൂം അസി. കമീഷണർ വി. സുരേഷ്കുമാർ, വഞ്ചിയൂർ സി.ഐ സുരേഷ് വി.നായർ, ഷാഡോ എസ്.ഐ സുനിൽ ലാൽ, എ.എസ്.ഐ ഗോപകുമാർ, സിറ്റി ഷാഡോ ടീം അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.