കോളജ്​, സർവകലാശാല അവധിക്കാലം രണ്ടാക്കി വിഭജിക്കാൻ ശിപാർശ

തിരുവനന്തപുരം: സംസ്ഥാനത്തെ അഫിലിയേറ്റിങ് സർവകലാശാലകൾക്ക് കീഴിൽ അടുത്ത അധ്യയന വർഷം മുതൽ ഏകീകൃത അക്കാദമിക്-പരീക്ഷ കലണ്ടറും പുതിയ വെക്കേഷൻ സമ്പ്രദായവും നടപ്പിലാക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ സർക്കാറിനോട് ശിപാർശ ചെയ്തു. ഇതിനാവശ്യമായ നിയമ, ചട്ട ഭേദഗതികൾ അടുത്ത ജൂണിന് മുമ്പ് വരുത്താനും ശിപാർശയുണ്ട്. കൗൺസിൽ വിളിച്ചുചേർത്ത സർവകലാശാല േപ്രാ വൈസ്ചാൻസലർമാരുടെ യോഗതീരുമാനം അംഗീകരിച്ചാണ് ശിപാർശ. നിലവിലെ രണ്ടുമാസത്തെ മധ്യവേനൽ അവധിക്കാലം വിഭജിച്ച് സെമസ്റ്ററുകൾക്കിടയിൽ ഒാരോമാസം വീതം നൽകുന്നതാണ് പുതിയ രീതി. ഇതുപ്രകാരം ജൂൺ മുതൽ ഒക്ടോബർ വരെ ആദ്യ സെമസ്റ്ററും പരീക്ഷയും നടത്തും. നവംബർ അവധിയായിരിക്കും. ഡിസംബർ മുതൽ ഏപ്രിൽ വരെ രണ്ടാം സെമസ്റ്റർ കോഴ്സും പരീക്ഷയും നടക്കും. മേയ് അവധിയായിരിക്കും. ഓരോ സെമസ്റ്ററിലും കുറഞ്ഞത് 450 മണിക്കൂറും 18 ആഴ്ചകൾ ഉൾക്കൊള്ളുന്ന 90 അധ്യയന ദിനങ്ങളും ഉണ്ടായിരിക്കണം. യോഗത്തിൽ പെങ്കടുത്ത മുഴുവൻ പി.വി.സിമാരും നിർദേശം അംഗീകരിച്ചു. ഇതിനായി കോളജ് പ്രവേശനം ഉൾപ്പെടെയുള്ള സമയത്തിൽ ക്രമീകരണത്തിനും ശിപാർശയുണ്ട്. പ്ലസ് ടു പരീക്ഷാഫലം പുറത്തുവന്ന് ഒരു മാസത്തിനകം/ജൂൺ 30ന് മുമ്പ് ഒന്നാം സെമസ്റ്റർ ഡിഗ്രി ക്ലാസുകൾ ആരംഭിക്കണം. മൂന്ന് അലോട്ട്മ​െൻറുകൾക്ക് ശേഷം കോളജുകളിൽ ക്ലാസുകൾ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണം. പരീക്ഷകളുടെ വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള തീയതികൾ വർഷാരംഭത്തിൽ തന്നെ അധ്യാപകർ, വിദ്യാർഥികൾ, ജീവനക്കാർ എന്നിവരുടെ സംഘടനകളുമായുള്ള ചർച്ചകൾക്ക് ശേഷം പ്രസിദ്ധീകരിക്കണം. കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളുടെ ഷെഡ്യൂളുകൾ മുൻകൂട്ടി തയാറാക്കണം. സ്വാശ്രയ കോളജുകളിലെ/കോഴ്സുകളിലെ അധ്യാപകർക്ക് സർവകലാശാല അംഗീകാരം നൽകുകയും യോഗ്യതയുള്ളവരെ പരീക്ഷാ ജോലികളിൽ നിയമിക്കുകയും ചെയ്യണം. അവധിക്കാലം വിഭജിക്കുമ്പോൾ അധ്യാപകരുടെയും ജീവനക്കാരുടെയും നിലവിലെ ആനുകൂല്യം സംരക്ഷിക്കണം. ഒന്ന്/മൂന്ന്/അഞ്ച് സെമസ്റ്റർ പരീക്ഷകളുടെ ഫലപ്രഖ്യാപനം ഡിസംബർ 31ന് മുമ്പും രണ്ട്/നാല്/ആറ് സെമസ്റ്റർ പരീക്ഷകളുടെ ഫലപ്രഖ്യാപനം ജൂൺ 30ന് മുമ്പും പ്രസിദ്ധീകരിക്കണം. ൈപ്രവറ്റ് രജിസ്േട്രഷൻ/വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ പരീക്ഷകൾക്ക് പ്രത്യേകം പരീക്ഷ കലണ്ടർ തയാറാക്കണം. യോഗത്തിൽ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ. രാജൻ ഗുരുക്കൾ, മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, േപ്രാ വൈസ് ചാൻസലർമാരായ പ്രഫ. സാബു തോമസ് (എം.ജി), പ്രഫ. ടി. അശോകൻ (കണ്ണൂർ), പ്രഫ. കെ.എസ്. രവികുമാർ (കാലടി), ഡോ. പി. മോഹൻ (കാലിക്കറ്റ്) എന്നിവർ പങ്കെടുത്തു. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.