പ്രാണരക്ഷക്കായി കുട്ടന്‍ ഓടിയത് കിലോമീറ്ററുകള്‍

കിളിമാനൂര്‍: വെട്ടേറ്റ് രക്തം വാർന്ന കൈയുമായി രാജേഷി​െൻറ ജീവനുവേണ്ടി രാത്രിയില്‍ റോഡിലൂടെ അലമുറയിട്ട് സുഹൃത്ത് കുട്ടന്‍ ഓടിയത് കിലോമീറ്ററുകൾ. പക്ഷേ, രക്ഷിക്കാന്‍ ആരുമുണ്ടായില്ല. ആ സമയം വെട്ടേറ്റ് രക്തത്തില്‍ കുളിച്ച് രാജേഷ് ജീവനുവേണ്ടി പിടയുകയായിരുന്നു. യഥാസമയം ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞെങ്കില്‍ ഒരുപക്ഷേ ജീവൻ രക്ഷിക്കാനാകുമായിരുന്നു. പലരും പള്ളിക്കല്‍ പൊലീസില്‍ ഫോൺ വിളിച്ചിട്ടും ആരും പ്രതികരിച്ചില്ല. തുടര്‍ന്ന്, ആരോ ബൈക്കില്‍ സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും രാജേഷ് മൃതപ്രായനായിക്കഴിഞ്ഞിരുന്നു. ഭയംമൂലം നാട്ടുകാരും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായില്ല. വെട്ടേറ്റ് ചോരവാര്‍ന്ന ശരീരവുമായി രക്ഷിക്കണേയെന്ന് അലറിവിളിച്ച് കുട്ടന്‍ റോഡരികിലുള്ള പല വീടുകളുടെയും വാതിലുകളില്‍ മുട്ടി. പലരും വാതിൽ തുറന്നില്ല. ചോര ഇറ്റുവീഴുന്നത് കണ്ടിട്ടും സഹായിക്കാനോ സംഭവമെന്തെന്ന് അന്വേഷിക്കാനോ കൂട്ടാക്കാതെ ചിലര്‍ ആട്ടിയിറക്കിയത്രേ. തന്നെ വെട്ടിയവര്‍ ജങ്ഷനില്‍ ഒരു യുവാവിനെ വെട്ടിനുറുക്കുന്നെന്ന് അറിയിച്ചിട്ടും ആരും രംഗത്ത് എത്തിയില്ല. അക്രമികള്‍ പിന്തുടരുമോയെന്ന ഭയത്താല്‍ ഊടുവഴികള്‍ പലതുതാണ്ടി നാടന്‍പാട്ട് ട്രൂപ്പിലെ ഗോപാലകൃഷ്ണ​െൻറ വീട്ടിലെത്തി കുട്ടന്‍ വിവരം പറയുകയായിരുന്നു. ക്ഷേത്രത്തിലെ പരിപാടികഴിഞ്ഞ് ഗോപാലകൃഷ്ണനും വീട്ടിലെത്തിയിേട്ട ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തെ കൂട്ടി കുട്ടന്‍ മടവൂരിലെ സ്റ്റുഡിയോയിലെത്തിയപ്പോഴേക്കും പൊലീസെത്തിയിരുന്നു. തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.