ഏയ്​ എങ്ങോട്ടാണേലും... പറഞ്ഞിട്ട്​ പോകണേ

തിരുവനന്തപുരം: വേനലവധിക്കാലത്ത് നഗരത്തിൽ പ്രത്യേക സുരക്ഷ ഒരുക്കി സിറ്റി പൊലീസ് രംഗത്ത്. സ്‌കൂൾ--കോളജ് അവധിക്കാലമായതിനാൽ പലരും വീട് പൂട്ടി പുറത്തു പോകുന്നത് മുന്നിൽ കണ്ടുകൊണ്ടാണ് നടപടി. മോഷണം ഉൾപ്പെടെ കുറ്റകൃത്യങ്ങൾ തടയാൻ രാത്രികാല പട്രോളിങ് ശക്തമാക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് അറിയിച്ചു. നഗരവും ടൂറിസ്റ്റ് കേന്ദ്രങ്ങളും നിയന്ത്രിക്കാൻ സിറ്റി പൊലീസ് കമീഷണറുടെ കീഴിൽ രണ്ടു ഡി.സി.പിമാർ ഉൾെപ്പടെ കൂടുതൽ പൊലീസുകാരെ വിന്യസിക്കാനാണ് തീരുമാനം. എല്ലാ പൊലീസ് സ്റ്റേഷനുകളിലും കമ്യൂണിറ്റി റിലേഷൻ ഓഫിസർ വീട് പൂട്ടി പോകുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് സ്റ്റേഷൻ അതിർത്തിയിൽ പട്രോളിങ്ങിന് പോകുന്ന ഉദ്യോഗസ്ഥർക്ക് നൽകും. സ്ത്രീ സുരക്ഷക്കായി ടൂറിസ്റ്റുകൾ കൂടുതലായി വരുന്ന പ്രദേശങ്ങളിൽ പിങ്ക് പട്രോൾ, പിങ്ക് ബീറ്റ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. മോഷണം, പിടിച്ചുപറി തുടങ്ങിയ ക്രമസമാധാന പ്രശ്നങ്ങൾ തടയാൻ മുമ്പ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരെ നിരീക്ഷണത്തിലാക്കി കുഴപ്പക്കാരെ കരുതൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കും. നിലവിലെ കാമറകൾക്കു പുറമേ, വിവിധ റെസിഡൻസ് അസോസിയേഷനുകളും, വ്യാപാരസ്ഥാപനങ്ങളും ചേർന്ന് കൂടുതൽ കാമറകൾ സ്ഥാപിച്ചു നിരീക്ഷണം നടത്തും. മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെയും അലക്ഷ്യമായി വാഹനം ഓടിക്കുന്നവർക്കെതിരെയും മറ്റ് ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയും കർശന നടപടി എടുക്കുമെന്നും കമീഷണർ അറിയിച്ചു. വീട് പൂട്ടിപ്പോകുന്നവർ അത്യാവശ്യ കാര്യങ്ങൾക്കായി അവരെ ബന്ധപ്പെടേണ്ട ഫോൺ നമ്പർ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ ഏൽപിക്കണം. *കൂടുതൽ ദിവസം വീട് പൂട്ടിപ്പോകുന്നവർ ആ വിവരം തൊട്ടടുത്ത വീട്ടുകാരെയും പത്രം, പാൽ വിതരണക്കാരെയും അറിയിക്കണം. *വേലക്കാരെയും മറ്റുള്ളവരെയും വീട് ഏൽപിച്ചു പോകുന്നവർ അവരുടെ പൂർണമായ വിലാസം അറിഞ്ഞിരിക്കണം. സി.സി ടി.വി കാമറ ഘടിപ്പിച്ചിട്ടുള്ള വീടുകൾ പൂട്ടിപ്പോകുന്നവർ കാമറ ഓഫ് ചെയ്യരുത്. സിറ്റിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്ഥലങ്ങളായ കോവളം, വേളി, ശംഖുംമുഖം, മ്യൂസിയം എന്നിവിടങ്ങളിൽ വനിതകൾ ഉൾപ്പെടെ മഫ്തിയിൽ കൂടുതൽ പൊലീസുകാരെ നിയോഗിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.