ഭക്തിനിർഭരമായി കൊറ്റൻകുളങ്ങര ചമയവിളക്ക്

ചവറ: ചുണ്ടിൽ ചുവന്ന ചായം പൂശി ആടയാഭരണങ്ങൾ അണിഞ്ഞ് ദേവീ കടാക്ഷത്തിനായി പുരുഷാംഗനമാർ എത്തിയ ചമയവിളക്ക് മഹോത്സവം ഭക്തിയുടെ കാഴ്ചയും കൗതുകവും പകർന്നു. ചവറ മേജർ കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രത്തിലെ പ്രസിദ്ധമായ ചമയവിളക്ക് മഹോത്സവമാണ് പുരുഷന്മാർ അംഗനമാരാകുന്ന ആചാര വൈവിധ്യംകൊണ്ട് ശ്രദ്ധേയമായത്. ക്ഷേത്രോൽപത്തിയോളം ഐതിഹ്യപ്പെരുമയുള്ള സ്ത്രീവേഷധാരികളുടെ വിളക്കെടുപ്പിന് സംസ്ഥാനത്തിനകത്തും പുറത്തുംനിന്നായി ആയിരങ്ങളാണ് എത്തിയത്. പുരുഷാംഗനമാരെ അണിയിച്ചൊരുക്കാൻ ചവറ മുതൽ നല്ലേഴത്ത്മുക്ക് വരെ ഒരുങ്ങിയ ചമയപ്പുരകളിൽ അഭൂതപൂർവമായ തിരക്കായിരുന്നു. താടിയും മീശയും കളഞ്ഞ് ചമയപ്പുരകളിൽ കയറുന്നവർ അഴക് വിരിയുന്ന സുന്ദരിമാരായി ഇറങ്ങുന്നത് കാണാൻ സ്ത്രീകളടക്കമുള്ളവരുടെ നല്ല തിരക്കായിരുന്നു. പുലർച്ചയിലാണ് ചമയവിളക്കെങ്കിലും വൈകീട്ട് മുതലേ അണിഞ്ഞൊരുങ്ങി എത്തുന്ന പുരുഷ സുന്ദരികളെകൊണ്ട് ക്ഷേത്രപരിസരം നിറഞ്ഞു. ചമയവിളക്കിനൊപ്പം താലം, കാക്കവിളക്ക് എന്നിവയേന്തി ദേവീകടാക്ഷത്തിനായി ക്ഷേത്രം മുതൽ കുഞ്ഞാലുംമൂട് വരെ റോഡിനിരുവശവും കാത്തുനിൽക്കുന്ന പുരുഷാംഗനമാരെ ക്ഷേത്രത്തിൽനിന്നെത്തുന്ന ദേവി അനുഗ്രഹിക്കുന്നതോടെയാണ് അഭീഷ്ടകാര്യ സിദ്ധിക്കായുള്ള ചമയവിളക്ക് മഹോത്സവം പൂർത്തിയാകുന്നത്. ചവറ, പുതുക്കാട് കരക്കാരുടെ നേതൃത്വത്തിലാണ് ആദ്യ ദിവസത്തെ ചമയവിളക്ക് മഹോത്സവം നടന്നത്. ഇന്ന് കോട്ടയ്ക്കകം, കുളങ്ങരഭാഗം കരക്കാരുടെ നേതൃത്വത്തിൽ ചമയവിളക്ക് ഉത്സവം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.