ചിന്നക്കടയിലെ സ്​കൈവാക്ക് പദ്ധതിക്ക്​ രൂപരേഖയായി

*കേരളത്തിൽ ആദ്യത്തെ സ്കൈവാക്ക് *നിർമാണച്ചെലവ് 20-25 കോടി *ആറ് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും കൊല്ലം: നഗരമധ്യമായ ചിന്നക്കടയിൽ റോഡ് മുറിച്ചുകടക്കാതെ വിവിധഭാഗങ്ങളിലേക്ക് അനായാസം എത്തിച്ചേരാനുതകുന്ന 'സ്കൈവാക്ക്' പദ്ധതിക്ക് രൂപരേഖയായി. സാധ്യതപഠനം നടത്തിയ തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ ആർക്കിടെക്ചർ വിഭാഗം പ്രഫ. ഡോ. ജ്യോത്സ്ന റാഫേൽ ശനിയാഴ്ച കോർപറേഷൻ കൗൺസിൽ യോഗത്തിനുശേഷം അംഗങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമായി രൂപരേഖ അവതരിപ്പിച്ചു. ചിന്നക്കട റൗണ്ടിലെ പുൽത്തക്കിടിയിൽ ഉറപ്പിക്കുന്ന നാല് പില്ലറുകളിലാകും ഗർഡറുകളും സ്റ്റീൽഘടനയും ഉറപ്പിക്കുക. 5.7 മീറ്റർ ഉയരമാണ് സ്കൈവാക്കിനുണ്ടാവുക. ആശ്രാമംഭാഗം, കൊല്ലം ചെങ്കോട്ട റോഡ്, ബീച്ച്റോഡ്, ചിന്നക്കട മേൽപ്പാലം, ചവറ ഭാഗത്തുള്ള ബസ്ബേ എന്നിവിടങ്ങളിലേക്ക് യാത്രക്കാർക്ക് അനായാസം ഇതുവഴി എത്തിപ്പെടാൻ കഴിയും. സ്റ്റെയർകേസ്, ലിഫ്റ്റ്, എക്സ്കലേറ്റർ സംവിധാനം ഉൾപ്പെടെയാണ് സജ്ജീകരിക്കുക. നടപ്പാതയിലേക്ക് വന്നിറങ്ങുംവിധമാകും സ്റ്റെയർകേസുകളുടെ നിർമാണം. അഞ്ച് മീറ്റർ വീതിയിലാണ് സ്കൈവാക്ക് ഒരുക്കുക. ഇതിൽ മൂന്ന് മീറ്റർ നടപ്പാതയും രണ്ട് മീറ്ററിൽ കടകളുമാണുണ്ടാവുക. നാല് മീറ്റർ വീതിയും രണ്ട് മീറ്റർ വീതിയുമുള്ള 26 കടകൾ സജ്ജീകരിക്കാനാകും. കടകൾക്ക് ഇടയിൽ ചാരുബഞ്ചും ചെടികളും ക്രമീകരിക്കും. ലിഫ്റ്റി​െൻറ മുകളിൽ സൗരോർജപാനലുകളും ഘടിപ്പിക്കും. ഇത് ഉപയോഗിച്ച് ലിഫ്റ്റും എക്സ്കവേറ്ററും പ്രവർത്തിപ്പിക്കാനാകും. സ്കൈവാക്കി​െൻറ പുറത്തേക്ക് കാണുന്ന സ്ഥലങ്ങളിൽ ബിൽബോർഡുകൾ സ്ഥാപിക്കാനാകും. എക്സ്കലേറ്ററിന് മേൽമൂടിയുണ്ടാകും. സ്റ്റെയർകേസ് പുറത്തുനിന്ന് കാണാൻ കഴിയുംവിധവും തുറന്ന് രീതിയിലുമാകും സജ്ജീകരിക്കുക. വളഞ്ഞരീതിയിലുള്ള ടെൻസൈൽ റൂഫിങ് മെംെബ്രയിനാകും മേൽക്കൂര നിർമാണത്തിന് ഉപയോഗിക്കുക. സൂര്യപ്രകാശം ലഭിക്കാൻ വേണ്ടി ഇടക്കിടെ പോളികാർബണേറ്റ് ഷീറ്റുകളും പാകും. നടപ്പാത നിർമാണം കോൺക്രീറ്റിലും ബാക്കിയുള്ള ഭാഗങ്ങൾ ഗർഡറുകൾ ഉപയോഗിച്ചുമാകും. ട്രാഫിക് നിർത്തിവെക്കാതെ ആറ് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാകുമെന്ന് ഡോ. ജ്യോത്സ്ന പറഞ്ഞു. പ്രദേശത്തെ പ്രവൃത്തികൾ മൂന്ന് മാസം കൊണ്ട് പൂർത്തീകരിക്കാനാകും. ഘടകങ്ങൾ കൂട്ടിയോജിപ്പിക്കുന്നതിന് മൂന്ന് മാസവും വേണ്ടിവരും. അംഗപരിമിതർക്കും ഭിന്നശേഷിക്കാർക്കും വേണ്ടിയാണ് ലിഫ്റ്റ് ക്രമീകരിക്കുന്നത്. പരിസ്ഥിതിസൗഹൃദ രീതിയിലാണ് നിർദിഷ്ടപദ്ധതി തയാറാക്കിയിരിക്കുന്നത്. നാല് തൂണുകൾ നാല് മരങ്ങൾ പടർന്നുനിൽക്കുന്നതുപോലെയാകും സജ്ജീകരിക്കുക. മൊത്തം നിർമാണചെലവ് 20 മുതൽ 25 കോടി രൂപ വരെയാകുമെന്ന് ഡോ. ജ്യോത്സ്ന പറഞ്ഞു. കേരളത്തിൽ ഇതാദ്യമായാണ് സ്കൈവാക്ക് നിർമാണം. ബജറ്റിൽ സ്കൈവാക്കിന് തുക വകയിരുത്തുമെന്ന് മേയർ വി. രാജേന്ദ്രബാബു അറിയിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ നിർമാണച്ചുമതല ഏൽപിക്കാനാണ് ഉദ്ദേശിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.