മേഖലയിൽ പൂഞ്ച പാടത്തുനിന്ന് ചളിയെടുക്കുന്നത് നിരോധിച്ചു കരുനാഗപ്പള്ളി: പാവുമ്പയിൽ പുഞ്ചപ്പാടങ്ങളിലെ അനധികൃത ചളിയെടുപ്പ് നടന്ന സ്ഥലത്ത് റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ റെയ്ഡ്. 1360 ലോഡ് ചളിയും 70 ലോഡ് ചെമ്മണ്ണും പിടികൂടി. വെള്ളിയാഴ്ച പുലർച്ച തുടങ്ങിയ റെയ്ഡിൽ പാവുമ്പായിലെ പുഞ്ചപ്പാടത്തോട് ചേർന്നുള്ള ഇഷ്ടിക നിർമാണ സ്ഥലത്തിന് സമീപത്ത് നിന്ന് അനധികൃതമായി ഖനനം ചെയ്തെടുത്ത ചളിയും മണ്ണുമാണ് റവന്യൂ സംഘം പിടിച്ചെടുത്തത്. പിടിച്ചെടുത്ത ചളിയും മണ്ണും നീക്കരുതെന്നും സർക്കാർ കണ്ടുകെട്ടിയതായി കാണിച്ച് ഇഷ്ടിക നിർമാണ സ്ഥാപന ഉടമകൾക്ക് റവന്യൂ വിഭാഗം നോട്ടീസ് നൽകി. മേഖലയിൽ പൂഞ്ച പാടത്തുനിന്ന് ചെളിയെടുക്കുന്നത് നിരോധിച്ചിട്ടുണ്ട്. അനധികൃത ഖനനത്തിനും ചളിയും ചെമ്മണ്ണും ശേഖരിക്കുന്നതിന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പിഴ ചുമത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കരുനാഗപ്പള്ളി തഹസിൽദാർ സജിതാ ബീഗം പറഞ്ഞു. പാവുമ്പാ വില്ലേജിൽപെട്ട വട്ടക്കായൽ, പേരക്കാവയൽ, കോളകം പുഞ്ച, കണ്ണമത്ത് ചാൽ, മുളക്കാട്ടയിറ എന്നിവിടങ്ങളിലും തൊടുത്ത് കിടക്കുന്ന കുന്നത്തൂർ താലൂക്ക് ഭാഗത്തെ മണലിൽ പുഞ്ചയിലും അനധികൃത ചളി ഖനനം വ്യാപകമായി നടന്നുവരുന്നുണ്ട്. രാത്രികാലങ്ങളിലാണ് ചളിയെടുത്ത് കടത്തുന്നത്. ചളിയെടുപ്പ് തടയാൻ നിരന്തരം പരിശോധനകൾ തുടരുമെന്നാണ് അധികൃതർ പറയുന്നത്. ജില്ല കലക്ടർ ഡോ. എസ്. കാർത്തികേയെൻറ നിർദേശപ്രകാരം പതിനഞ്ചോളം ഇഷ്ടിക നിർമാണക്കമ്പനികളിലും പരിസരത്തും കരുനാഗപ്പള്ളി താലൂക്ക് ഒാഫിസിലെ റവന്യൂ സ്ക്വാഡാണ് മിന്നൽ പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.