ഇന്ത്യയിലാദ്യമായി ബ്രെയില്‍ ലിപി പാഠപുസ്തകം കേരളത്തില്‍ --മന്ത്രി സി. രവീന്ദ്രനാഥ് കൊല്ലം: ഒരുപരിമിതിയും വിദ്യാഭ്യാസത്തിന് തടസ്സമാകരുതെന്ന ലക്ഷ്യത്തോടെ കാഴ്ചയില്ലാത്തവര്‍ക്കായി ബ്രെയില്‍ ടെക്‌സ്റ്റ് ബുക്ക് ഇറക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. കൊല്ലം ടൗണ്‍ യു.പി.എസില്‍ തീര്‍ത്ത ജൈവവൈവിധ്യ പാര്‍ക്കും ക്ലാസ് ലൈബ്രറിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലാദ്യമായി ബ്രെയില്‍ പാഠപുസ്തകമിറക്കുന്നതിനൊപ്പം കാഴ്ച പരിമിതര്‍ക്കായി വലിയഅക്ഷരത്തില്‍ അച്ചടിച്ച പുസ്തകങ്ങളുമുണ്ടാകും. കേള്‍വിപരിമിതര്‍ക്കായി പാഠഭാഗങ്ങള്‍ ദൃശ്യവത്കരിക്കുകയും ചെയ്യും. പുസ്തകവായന ഒരു സംസ്‌കാരമായി മാറ്റുന്നതിനാണ് ക്ലാസ് ലൈബ്രറികള്‍ സ്ഥാപിക്കുന്നത്. ഇത്തരം ലൈബ്രറികളില്‍ പുസ്തകങ്ങള്‍ വായിക്കുന്ന അധ്യാപകരുണ്ടാകണം. അവരെ കണ്ടുവേണം വായനാശാലയിലേക്ക് കുട്ടികളെത്താന്‍ --മന്ത്രി ഓര്‍മിപ്പിച്ചു. കാമ്പസ് തന്നെ ഒരു പാഠപുസ്തകമാക്കുന്നതിനായാണ് ജൈവവൈവിധ്യ ഉദ്യാനങ്ങള്‍. പ്രകൃതിയോട് അടുപ്പമുണ്ടാകുന്ന കുട്ടികള്‍ക്ക് സാമൂഹികബോധം കൂടിയുണ്ടായാല്‍ അവര്‍ ജീവിതവിജയം നേടുമെന്ന് ഉറപ്പാണെന്നും മന്ത്രി വ്യക്തമാക്കി. മേയര്‍ വി. രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. എം. മുകേഷ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കോര്‍പറേഷനിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളുടെ അധ്യക്ഷരായ ടി.ആര്‍. സന്തോഷ്കുമാര്‍, എസ്. ജയന്‍, കൗണ്‍സിലര്‍മാരായ ബി. ഷൈലജ, എസ്. രാജ്‌മോഹന്‍, ഡി. സുജിത്ത്, കെ. വത്സല, പ്രഥമാധ്യാപകൻ എസ്. അജയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.