ചൂട്​ പ്രതിരോധിക്കാൻ മൃഗശാലയിൽ പുത്തൻ പരിപാലനം; 'മെനു'വിൽ പച്ചക്കറികളും പഴവർഗങ്ങളും

തിരുവനന്തപുരം: ചൂടിനെ പ്രതിരോധിക്കാനും തണുപ്പ് നൽകാനും പക്ഷിമൃഗാദികൾക്ക് പുത്തൻ പരിപാലനമൊരുക്കി മൃഗശാല. വേനൽ ശക്തമായതോടെയാണ് കാലേക്കൂട്ടിയുള്ള പ്രവർത്തനങ്ങൾക്ക് അധികൃതർ നടപടി ആരംഭിച്ചത്. ഭക്ഷണമുൾപ്പെടെ കാര്യങ്ങളിൽ പുതിയ 'മെനു' ഒരുക്കിക്കഴിഞ്ഞു. മുന്തിരി, ആപ്പിൾ, ഓറഞ്ച്, പൈനാപ്പിൾ, ക്യാരറ്റ്, വെള്ളരിക്ക തുടങ്ങി പഴം-പച്ചക്കറികളാണ് പക്ഷിമൃഗാദികളുടെ മെനുവിൽ ഇടംപിടിച്ചിരിക്കുന്നത്. കൂടാതെ കടുവകൾ, സിംഹം, കരടികൾ, പുലി, ഒട്ടകപ്പക്ഷി എന്നിവയുടെ കൂടുകളിൽ ഫാനുകളും ഒരുക്കിയിട്ടുണ്ട്്. മുഴുവൻ സമയവും ഇവ പ്രവർത്തിപ്പിക്കുകയാണ്. കടുവകൾക്കും മറ്റ് മൃഗങ്ങൾക്കും നേരത്തേ ഒരുനേരം മാത്രമായിരുന്നു കുളി. വേനൽ എത്തിയതോടെ അതുമാറ്റി രണ്ടോ മൂന്നോ തവണയാക്കി. മൃഗങ്ങളുടെ കൂടുകളിലുള്ള സ്വിമ്മിങ് പൂളുകൾ കഴുകി വെള്ളം നിറച്ചിട്ടിരിക്കുകയാണ്. മൃഗങ്ങൾ ഇവിടെ ഉഷ്ണം തണുപ്പിക്കുന്നതും ഇപ്പോൾ പതിവാണ്. ചൂടിൽനിന്ന് രക്ഷനേടാൻ ഹിമാലയൻ കരടിക്കാണ് തണ്ണിമത്തൻ, മുന്തിരി, പൈനാപ്പിൾ, ആപ്പിൾ തുടങ്ങിവ നൽകുന്നത്. ഇത് വലിയ ഫ്രീസറിൽ തണുപ്പിച്ച് ഐസ് ബ്ലോക്കുകളാക്കിയാണ് നൽകുന്നത്. രാവിലെ 9.30നും വൈകീട്ട് മൂന്നുമണിക്കും ഹിമാലയൻ കരടിക്ക് ഐസ് ബ്ലോക്കുകൾ നൽകും. കൂടാതെ മുന്തിരി, പുഴുങ്ങിയ മുട്ട, വെള്ളരിക്ക, പാൽ, റാഗി കഞ്ഞി എന്നിവയും നൽകുന്നുണ്ട്. കുരങ്ങുകൾക്ക് തണ്ണിമത്തനും അതുപോലെ ജലാംശം കൂടിയ പഴവർഗങ്ങളാണ് നൽകുന്നത്. മാനുകൾക്ക് 24 മണിക്കൂറും വെള്ളം കുടിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രിയിൽ വെള്ളം നിറക്കാൻ കൂടുകളിൽ ജീവനക്കാരെയും നിയോഗിച്ചു. പക്ഷികളുടെ കൂടുകളിൽ വാട്ടർ ബാത്തുകൾ സ്ഥാപിച്ചിട്ടുണ്ട്. മ്ലാവുകൾക്ക് ചൂടിനെ പ്രതിരോധിക്കാൻ ചളിക്കുളമാണ് ഒരുക്കി നൽകിയിട്ടുള്ളത്. ചൂട് കടുത്തതോടെ തണുപ്പേറ്റുമാത്രം കഴിയുന്ന അനാക്കോണ്ടക്കും രാജവെമ്പാലക്കും എ.സി ഒരുക്കി നൽകിയിരുക്കുകയാണ് അധികൃതർ. രണ്ടുപേരുടെയും കൂടുകളിൽ എ.സി സ്ഥാപിച്ചുകഴിഞ്ഞു. പഴങ്ങളും പച്ചക്കറികളും നൽകുന്നതിനൊപ്പം ൈവറ്റമിൻസും മിനറൽസും ഭക്ഷണത്തിൽ ചേർത്തും നൽകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.