സരസ്വതിയമ്മക്കിനി കുടിവെള്ളത്തിന് അലയേണ്ട; വീട്ടുമുറ്റത്ത് തെളിനീരൊരുക്കി 'പാട്ടരുവി'യിലെ കൂട്ടുകാർ

* പ്രവാസികളുടെ കൂട്ടായ്മയാണ് സരസ്വതിയമ്മക്ക് വീട്ടുമുറ്റത്ത് കിണർ നിർമിച്ച് നൽകിയത് ചവറ: കുടിവെള്ളത്തിന് കുടവുമായി അയൽവീടുകളിൽ ഓടിനടക്കേണ്ടി വന്നിരുന്ന സരസ്വതിയമ്മക്കിനി അലയേണ്ട. വൃദ്ധമാതാവി​െൻറ സ്വപ്നം ഏറ്റെടുത്ത് 'പാട്ടരുവി' പ്രവാസി നവ മാധ്യമ കൂട്ടായ്മ വീട്ടുമുറ്റത്തൊരുക്കി നൽകിയത് തെളിനീർ നിറഞ്ഞ കിണർ. പൂർത്തിയായ കിണറിൽനിന്ന് പ്രവാസികളുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ആദ്യതൊട്ടി വെള്ളം കോരി സരസ്വതിയമ്മ മതിയാവോളം കുടിച്ചു, നിറഞ്ഞ മനസ്സോടെ. വേനൽകാലത്ത് ശുദ്ധജലക്ഷാമം രൂക്ഷമായ പന്മന നടുവത്ത് ചേരിയിൽ വള്ളൂച്ചാലിൽ സരസ്വതിയമ്മക്കാണ് പ്രവാസികളുടെ നേതൃത്വത്തിൽ വീട്ടുമുറ്റത്ത് കിണർ നിർമിച്ച് നൽകിയത്. മാനോരോഗിയായ മകനും വൃദ്ധയായ സഹോദരിക്കുമൊപ്പം ഏത് സമയവും തകർന്നുവീഴാറായ ഷെഡിൽ കഴിയുന്ന വൃദ്ധയുടെ ദുരിതാവസ്ഥ മനസ്സിലാക്കി വാർഡ് അംഗം നിസാർ വരവിളയാണ് പ്രവാസികളുടെ നവ മാധ്യമ കൂട്ടായ്മയായ പാട്ടരുവിയുടെ മുന്നിൽ കിണർ നിർമാണ നിർദേശം വെച്ചത്. തുടർന്ന് 20ഓളം വരുന്ന അംഗങ്ങൾ നിറഞ്ഞ മനസ്സോടെ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. നിർമാണത്തി​െൻറ പൂർണചെലവും സംഘം ഏറ്റെടുത്തതോടെ നവ മാധ്യമകൂട്ടായ്മയുടെ നാട്ടിലുള്ള പ്രവാസികളുടെ നേതൃത്വത്തിൽ നിർമാണം ആരംഭിച്ചു. തൊടിയുൾെപ്പടെയുള്ള സംവിധാനങ്ങൾ എത്തിച്ചതോടെ രണ്ട് ദിവസം കൊണ്ടാണ് 12 തൊടികളുള്ള കിണറി​െൻറ നിർമാണം പൂർത്തിയായത്. ചവറ എസ്.ഐ ജയകുമാറാണ് ആദ്യതൊട്ടി വെള്ളം കോരി ഉദ്ഘാടനം നിർവഹിച്ചത്. വാർഡ് അംഗം നിസാർ വരവിള, പാട്ടരുവി പ്രവർത്തകരായ നിസാർ വലിയത്ത്, പന്മന മുഹമ്മദ് കുഞ്ഞ്, ഹുസൈൻ തണ്ടളത്ത്, സലീം പള്ളി വടക്ക, ഉമർ മുക്താർ എന്നിവർ സംസാരിച്ചു. ആഴ്ചകൾക്ക് മുമ്പ് പക്ഷാഘാതം ബാധിച്ച് ചികിത്സയിലുള്ള ഗൃഹനാഥന് പ്രവാസികൾ സമാഹരിച്ച ധനസഹായവും പാട്ടരുവി പ്രവർത്തകർ കൈമാറിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.