വനശ്രീ മണൽ വിപണനകേന്ദ്രം പ്രവർത്തനമാരംഭിച്ചില്ല; സി.പി.എം നേതൃത്വത്തിൽ നിരാഹാരസമരം ആരംഭിച്ചു

കുളത്തൂപ്പുഴ: സംസ്ഥാന സർക്കാർ വനം വകുപ്പിന് കീഴിൽ കുളത്തൂപ്പുഴയിൽ സ്ഥാപിച്ച വനശ്രീ മണൽ വിപണനകേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് പത്ത് മാസം കഴിഞ്ഞിട്ടും ഇനിയും വിതരണം ആരംഭിക്കാത്തതിനെതിരെ സി.പി.എം പ്രത്യക്ഷസമരത്തിലേക്ക്. സാധാരണ ജനങ്ങൾക്ക് ന്യായവിലക്ക് മണൽ ലഭ്യമാക്കുന്നതിനായി സ്ഥാപിച്ച വനശ്രീ പ്രവർത്തനമാരംഭിക്കാത്തതിന് പിന്നിൽ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥരാണെന്നും മണൽ വിതരണത്തിന് അനുമതി നൽകാതിരിക്കുകവഴി പൊതുജനങ്ങളെ സർക്കാറിനെതിരെയാക്കാനുള്ള ശ്രമമാണ് ഇത്തരക്കാർ നടത്തുന്നതെന്നും സി.പി.എം ആരോപിക്കുന്നു. കുളത്തൂപ്പുഴയിൽ സംഘടിപ്പിച്ച സമരപരിപാടി സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മണൽ വാരൽ ഉദ്ഘാടനം നടത്തി ഒരു വർഷമായിട്ടും വിതരണം ആരംഭിക്കാത്തത് വിതരണത്തിന് മുഖ്യമന്ത്രിയെത്താത്തതിനാലാണെന്ന് പറയുന്നവരുടെ ഉള്ളിലിരിപ്പ് സാധാരണ ജനങ്ങൾക്ക് മനസ്സിലാവുമെന്ന് യോഗത്തിൽ സംസാരിച്ച കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ പറഞ്ഞു. ഇപ്പോൾ സി.പി.എം ആരംഭിച്ച പ്രത്യക്ഷസമരം ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കിയിട്ട് മാത്രമേ അവസാനിപ്പിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ലോക്കൽ കമ്മിറ്റി അംഗമായ കെ.ജെ. അലോഷ്യസ് നിരാഹാരസമരം ആരംഭിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ. സുരേന്ദ്രൻ നായർ അധ്യക്ഷതവഹിച്ചു. അഞ്ചൽ ഏരിയ സെക്രട്ടറി ഡി. വിശ്വസേനൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്ജു സുരേഷ്, പി. ലൈലാ ബീവി, ജി. രവീന്ദ്രൻ പിള്ള, വി.ജി. രാജേന്ദ്രൻ, കെ.കെ. എബ്രഹാം, എസ്. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. ധനകാര്യ വകുപ്പിൽനിന്ന് അനുമതിയായില്ല; വനശ്രീ മണൽ വിതരണം ഇനിയും നീളും കുളത്തൂപ്പുഴ: ന്യായവിലക്ക് മണൽ വിതരണം ചെയ്യുന്നതിനായി വനം വകുപ്പ് നേതൃത്വത്തിൽ കുളത്തൂപ്പുഴയിൽ സ്ഥാപിച്ച വനശ്രീ മണൽ വിപണനകേന്ദ്രം വഴി മണൽ വിറ്റഴിക്കുന്നതിന് വില നിശ്ചയിക്കുന്നതിന് സംബന്ധിച്ച തീരുമാനം ധനകാര്യവകുപ്പിൽനിന്ന് തിങ്കളാഴ്ചയും ഉണ്ടായില്ല. വില പുനർനിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ധനകാര്യവകുപ്പ് ഫയൽ മടക്കിയതോടെ മണൽ വിതരണം ഇനിയും നീളുമെന്ന് വ്യക്തമായിരിക്കുകയാണ്. മുമ്പ് നിർമിതി കേന്ദ്രത്തി​െൻറ നേതൃത്വത്തിൽ കുളത്തൂപ്പുഴയിൽ കലവറ സ്ഥാപിച്ച് മണൽ വിതരണം നടത്തിയിരുന്നപ്പോൾ അഞ്ച് ക്യുബിക് മീറ്റർ മണലിന് ബി.പി.എൽ വിഭാഗത്തിന് 7500 രൂപക്കും എ.പി.എൽ വിഭാഗത്തിന് 12500 രൂപക്കുമാണ് നൽകിയിരുന്നത്. എന്നാൽ, വനശ്രീ വിപണനകേന്ദ്രം സ്ഥാപിച്ചശേഷം ആദ്യം വനംവകുപ്പ് ഉദ്യോഗസ്ഥർ ഉയർന്ന വില നിശ്ചയിച്ച് നൽകുകയും ഇതിലും കുറഞ്ഞ വിലയ്ക്ക് പാറപ്പൊടി ലഭിക്കുമെന്നതിനാൽ പാറക്വാറി മാഫിയായെ സഹായിക്കാനാണെന്ന് ആക്ഷേപമുയരുകയും ചെയ്തിരുന്നു. തുടർന്ന് രണ്ടാമത് കുറഞ്ഞ വില നിശ്ചയിച്ച് ധനകാര്യവകുപ്പിന് അനുമതിക്കായി സമർപ്പിച്ചെങ്കിലും 18 ശതമാനം ജി.എസ്.ടി കൂടി ഉൾപ്പെടുത്തിയ വിലയാണ് വകുപ്പ് നൽകിയത്. എന്നാൽ, സാധാരണ ഭവനപദ്ധതി ഗുണഭോക്താക്കൾക്ക് ഇത് താങ്ങാവുന്നതിൽ അപ്പുറമാണെന്ന് ആരോപിച്ച് വനം വകുപ്പ് അഞ്ച് ശതമാനം ജി.എസ്.ടി നിശ്ചയിച്ച് വീണ്ടും അടിയന്തരപ്രാധാന്യത്തോടെ സമർപ്പിച്ച ഫയലാണ് കഴിഞ്ഞദിവസം വീണ്ടും ധനകാര്യവകുപ്പ് മടക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.