തിരുവനന്തപുരം: അമിതവേഗത്തിനിടെ നിയന്ത്രണംവിട്ട കാർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പാറശ്ശാല പൊറ്റയിൽകട ടി.വി ഭവനിൽ തങ്കമണിയാണ് (50) മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന പൊറ്റയിൽകട എത്തിക്കാല കല്ലുവിള പുത്തൻവീട്ടിൽ ജസ്റ്റിൻരാജിനെ (35) അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന പട്ടം പ്ലാമൂട് സ്വദേശി സുരേഷ്കുമാർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. വെള്ളിയാഴ്ച രാവിലെ എട്ടോടെ പട്ടം കേന്ദ്രീയവിദ്യാലയത്തിന് മുന്നിലായിരുന്നു അപകടം. കേശവദാസപുരത്തുനിന്ന് പട്ടത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിനിടയാക്കിയത്. അമിതവേഗത്തിനിടെ നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് പാഞ്ഞുകയറിയ കാർ എതിർദിശയിൽനിന്ന് വന്ന സ്കൂട്ടർ യാത്രികരെ ഇടിക്കുകയായിരുന്നു. ഇടിയേറ്റ് തെറിച്ചുവീണ ഇരുവരെയും നാട്ടുകാരും പൊലീസും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും തലക്ക് ഗുരുതര പരിക്കേറ്റ തങ്കമണി തൽക്ഷണം മരിച്ചു. മേസ്തിരിപ്പണിക്കാരനാണ്. നഗരത്തിലെ പണി സൈറ്റിലേക്ക് വരുമ്പോഴായിരുന്നു അപകടം. അപകടത്തിെൻറ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. തങ്കമണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: വിജയപുഷ്പം. മകൾ: ബിലീന. ട്രാഫിക് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.