ശാസ്താംകോട്ട: കടുത്ത വേനൽച്ചൂടിൽ കുന്നത്തൂർ താലൂക്കിൽ കുടിവെള്ളക്ഷാമവും കൃഷിനാശവും രൂക്ഷമായിരിക്കെ, കല്ലട പദ്ധതിയുടെ ഇടതുകര കനാലിലൂടെ വെള്ളം ലഭ്യമാക്കാത്ത അധികൃതരുടെ നടപടി വിവാദമാകുന്നു. ചില സ്ഥലങ്ങളിൽ കനാലുകൾക്ക് ചോർച്ചയുണ്ടെന്ന തൊടുന്യായം നിരത്തിയാണ് കല്ലട പദ്ധതി അധികൃതരുടെ ഈ ക്രൂരവിനോദം. കുന്നത്തൂർ താലൂക്കിലെ ഏഴ് പഞ്ചായത്തുകളിലൂടെയും കല്ലട പദ്ധതി കനാൽ കടന്നുപോകുന്നുണ്ട്. വേനൽ കടുക്കുമ്പോഴെല്ലാം ഇവയിലൂടെ വെള്ളമെത്തിക്കുന്നത് പതിവാണ്. കനാലിൽ വെള്ളമെത്തിയാൽ നാട്ടിലെ കിണറുകളിലും കുളങ്ങളിലുമെല്ലാം ജലനിരപ്പ് ഉയരും. വിവിധ വയലേലകളിലെ തോടുകളിലും വെള്ളം നിറയും. ഇതോടെ ജലക്ഷാമത്തിന് വലിയ തോതിൽ പരിഹാരം കാണാനാവുമായിരുന്നു. എന്നാൽ, ഇത്തവണ കനാൽ തുറന്ന് എല്ലാ മേഖലകളിലും വെള്ളമെത്തിക്കുന്നതിൽ കടുത്ത അലംഭാവമാണ് കാണിക്കുന്നത്. ചവറ, ചാത്താകുളം എന്നീ രണ്ട് വിതരണ ശൃംഖലകളാണ് കുന്നത്തൂരിൽ കല്ലട്ട പദ്ധതിക്കുള്ളത്. ഇതിൽ ചവറയിലേക്കുള്ളത് ഒരുമാസം മുമ്പ് തുറന്നെങ്കിലും ഭരണിക്കാവ് ടൗണിൽ കനാൽ ചോർന്ന് വെള്ളം കെട്ടിയതോടെ നിർത്തിവെച്ചു. ഇതിനിടെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ കനാലുകൾ മുഴുവൻ കാടുതെളിച്ചും മാലിന്യം നീക്കിയും വൃത്തിയാക്കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ചേർന്ന കുന്നത്തൂർ താലൂക്ക് വികസന സമിതിയിൽ കനാൽ തുറക്കാത്തതിനെതിരെ കടുത്ത വിമർശം ഉയർന്നിരുന്നു. ചൊവ്വാഴ്ചയോടെ എല്ലാ കനാലിലും വെള്ളമെത്തിക്കുമെന്ന ഉറപ്പാണ് സമിതി മുമ്പാകെ കല്ലട പദ്ധതി അധികൃതർ നൽകിയത്. എന്നാൽ, ഇതുവരെ പ്രധാന കനാലിൽ പോലും വെള്ളമെത്തിയിട്ടില്ല. അധികൃതരുടെ ഈ അനാസ്ഥക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.