സ്വയംഭരണ കോളജുകൾക്ക് കൂടുതൽ അധികാരം; നിയമപരമായി ചോദ്യംചെയ്യണം -പ്രഫ. പ്രഭാത് പട്നായിക് തിരുവനന്തപുരം: സ്വയംഭരണ കോളജുകൾക്കുമേൽ സർവകലാശാലകൾക്കും സർക്കാറിനുമുള്ള നിയന്ത്രണം ഇല്ലാതാക്കുന്ന യു.ജി.സി നടപടിയെ നിയമപരമായി ചോദ്യംചെയ്യാനുള്ള സാധ്യത ആരായണമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും ആസൂത്രണ ബോർഡ് മുൻ ഉപാധ്യക്ഷനുമായ പ്രഫ. പ്രഭാത് പട്നായിക്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ സംഘടിപ്പിച്ച കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം എക്സിക്യൂട്ടിവ് ഉത്തരവിലൂടെ സംസ്ഥാനങ്ങളുടെ നിയമനിർമാണ അവകാശങ്ങളാണ് കേന്ദ്രവും യു.ജി.സിയും കവർന്നെടുക്കുന്നത്. എയ്ഡഡ് സ്ഥാപനങ്ങളെ അൺ എയ്ഡഡ് മേഖലയിലേക്ക് മാറ്റാനുള്ള ഉദ്ദേശവും പരിധിവിട്ട സ്വയംഭരണത്തിൽ ഒളിഞ്ഞിരിക്കുന്നു. വർഗീയവത്കരണവും വാണിജ്യവത്കരണവുമാണ് വിദ്യാഭ്യാസ മേഖലയിൽ പിടിമുറുക്കുന്ന ഭീഷണി. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് കേരളത്തിലെ വിദ്യാഭ്യാസത്തിെൻറ വാണിജ്യവത്കരണം ഏറെ മുന്നോട്ടുപോയി. ന്യൂനപക്ഷ സ്ഥാപനങ്ങളാണ് ഇക്കാര്യത്തിൽ മുമ്പിൽ. ഇവർക്കെതിരെ നിയന്ത്രണം കൊണ്ടുവരുേമ്പാൾ ഭരണഘടന പ്രശ്നങ്ങൾ ഉയർന്നുവരുന്നു. യുവജനങ്ങളെ അരാഷ്ട്രീയവത്കരിച്ച് റോബോട്ടുകളെപ്പോലെ ആക്കുകയും അവരുടെ സൃഷ്ടിപരതയെ കൊടിയ ചൂഷണത്തിന് വിധേയമാക്കുകയും ചെയ്യുന്ന വിജ്ഞാന വ്യവസായമാണ് ഇന്നു കോര്‍പറേറ്റുകളുടെ മുഖ്യ ലാഭമാർഗമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് ഉന്നത വിദ്യാഭ്യാസ നയം രൂപവത്കരിക്കണമെന്ന് പ്ലാനിങ് ബോർഡ് അംഗം ഡോ. ബി. ഇഖ്ബാൽ പറഞ്ഞു. ഒരു ബദൽ നയത്തിന് അനിവാര്യമായ സാമൂഹിക സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ. രാജൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. സർവകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നു ചർച്ചയിൽ പങ്കെടുത്ത കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. പ്രഫ. ഉത്സ പട്നായിക്, കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, ജസ്റ്റിസ് കെ.കെ. ദിനേശൻ, കോളജ് വിദ്യാഭ്യാസ ഡയറക്ടർ എം.എസ്. ജയ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.