പാഠം ഒന്ന്​; പാചകപ്പുരയിലെ പഠനം

അഞ്ചൽ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംസ്ഥാനത്ത് തകൃതിയായി നടക്കുമ്പോഴും, അധികൃതരുടെ ശ്രദ്ധയിൽപെടാതെ മലയോര മേഖലയിൽ സർക്കാർ വിദ്യാലയം. ഏരൂർ പഞ്ചായത്തിലെ ഭാരതീപുരത്തെ പഴയേരൂർ ഗവ. പ്രൈമറി സ്കൂളിനാണ് ദുരവസ്ഥയുടെ പാഠം തുറക്കാനുള്ളത്. സ്കൂൾ സ്ഥാപിതമായ കാലത്ത് നിർമിച്ച നാല് മുറികളുള്ള ഒറ്റക്കെട്ടിടമാണ് ഇപ്പോഴുമുള്ളത്. ഒരുകാലത്ത് അടച്ചു പൂട്ടൽ ഭീഷണി നേരിട്ടപ്പോൾ നാട്ടുകാരുടെ ഇടപെടൽ കാരണം കുട്ടികൾ വർധിക്കുകയും പ്രീ പ്രൈമറി കൂടി ആരംഭിക്കുകയും ചെയ്തു. എന്നാൽ പ്രീ പ്രൈമറി ക്ലാസ് നടത്തുന്നതിന് സ്ഥലമില്ലാതെ വന്നപ്പോൾ 2008-ൽ സർവശിക്ഷാ അഭിയാൻ ഫണ്ടിൽനിന്ന് 6.2 ലക്ഷം രൂപ അനുവദിക്കുകയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ, പാതിയിൽ നിർമാണം നിലച്ചു. വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും പുനരാരംഭിക്കാൻ കഴിഞ്ഞില്ല. ഇതോടെ പ്രീ പ്രൈമറി കുട്ടികളുടെ പഠനം സ്കൂളി​െൻറ പാചകപ്പുരയിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവിൽ കെട്ടിട നിർമാണം പൂർത്തിയാക്കാൻ 2008ലെ എസ്റ്റിമേറ്റ് തുക അപര്യാപ്തമാണ്. ജനാലകളും കട്ടിളകളും പൂർണമായി ദ്രവിച്ചു. ഭിത്തികൾക്കും ബലക്ഷയമുണ്ട്. ഇവ ഏതു സമയത്തും നിലംപതിക്കാവുന്ന സാഹചര്യമാണ്. തൽസ്ഥാനത്ത് പുതിയ കെട്ടിടം നിർമിക്കുന്നതിനാവശ്യമായ നടപടി ഉണ്ടാകണമെന്നാണ് രക്ഷാകർത്താക്കളുടെയും നാട്ടുകാരുടെയും ആവശ്യം. ഏരൂർ ഗ്രാമപഞ്ചായത്തിനാണ് സ്കൂളി​െൻറ സംരക്ഷണച്ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.