കൊട്ടാരക്കര: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് യാത്രക്കാരായ 11 പേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെ കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ബസ്‌സ്റ്റാൻഡിനു മുന്നിലാണ് അപകടമുണ്ടായത്. കരുനാഗപ്പള്ളിയില്‍നിന്ന് കൊട്ടാരക്കരയിലേക്ക് വന്ന അസിന്‍ എന്ന സ്വകാര്യ ബസാണ് മരത്തിലിടിച്ചത്. ബസ് യാത്രക്കാരായ ആയുര്‍ തേവന്നൂര്‍ തീർഥത്തില്‍ ശാന്തകുമാരി (67), കോട്ടാത്തല കുണ്ടറ മേലേതില്‍ ബിന്ദു (42) , തേവലപ്പുറം സരയുവില്‍ മധുസൂദനന്‍പിള്ള (54), ശാസ്താംകോട്ട കാവുവിള തെക്കേതില്‍ ഷിഹാബ് (33), ഭാര്യ ആല്‍ഫിയ (21), ചക്കുവള്ളി കൊച്ചു തെക്കേയിടത്ത് അഫ്സല്‍ (17), റാന്നി ചെക്കിട്ടയില്‍ വീട്ടില്‍ ലിസി (68), നൂറനാട് പ്രശാന്ത് ഭവനില്‍ വിമല (46), നൂറനാട് പാറ്റൂര്‍ വീട്ടില്‍ അജിത (45) എന്നിവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും പുനലൂര്‍ സ്വദേശികളായ ഇന്ദുലേഖ (35), ബിബിന്‍ ബിജു (15) എന്നിവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അമിതവേഗത്തില്‍ പുലമണ്‍ ജങ്ഷനിലേക്ക് വരുകയായിരുന്ന ബസ് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാൻഡിൽനിന്ന് റോഡിലേക്കിറങ്ങി വന്ന ലോ ഫ്ലോര്‍ ബസില്‍ തട്ടാതിരിക്കാന്‍ വെട്ടിത്തിരിച്ചപ്പോള്‍ സമീപത്തെ ഷോപ്പിങ് കോംപ്ലക്സിന് മുന്നിലെ കൂറ്റന്‍ മരത്തില്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിെൻറ മുന്‍ ഭാഗത്തെ ചില്ല് തകര്‍ന്ന്‍ യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചുവീണു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ പരിക്കേറ്റ യാത്രക്കാരുടെ പഴ്സും മൊബൈല്‍ ഫോണും മറ്റു വില പിടിപ്പുള്ള വസ്തുക്കളും ഇതിനിടയില്‍ നഷ്ടപ്പെട്ടു. അപകടം നടന്നയുടന്‍ ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ട്രെയിന്‍ തട്ടി വയോധികന് ഗുരുതര പരിക്ക് കൊട്ടാരക്കര: ട്രെയിന്‍ തട്ടി വയോധികന് ഗുരുതര പരിക്ക്. പള്ളിക്കല്‍ തയ്യിലേത്ത് വീട്ടില്‍ ശ്രീകണ്ഠന്‍ നായര്‍ക്കാണ് (65) പരിക്കേറ്റത്. മൈലം വില്ലേജ് ഓഫിസിനു സമീപത്തെ റെയില്‍വേ പാളത്തില്‍ ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. അപകടത്തില്‍ ശ്രീകണ്ഠന്‍നായരുടെ ഇടത് കൈ അറ്റുപോവുകയും തലക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. വൈകീട്ട് നാലരയ്ക്കുള്ള പുനലൂര്‍ -മധുര പാസഞ്ചര്‍ കടന്നുപോയ ശേഷമാണ് വയോധികനെ ട്രാക്കില്‍ ഗുരുതരമായി പരിക്കേറ്റനിലയില്‍ കാണപ്പെട്ടത്. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.