തിരുവനന്തപുരം: അട്ടപ്പാടി മേഖലയിലെ ആദിവാസി-പട്ടികവർഗ വിഭാഗങ്ങളുടെ ആേരാഗ്യ സംരക്ഷണത്തിന് സഹകരണ വകുപ്പ് സമഗ്ര ആരോഗ്യപദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 12 ഇന സേവനങ്ങൾ അട്ടപ്പാടിയിലെ മുപ്പതിനായിരത്തിലധികം വരുന്ന ആദിവാസി ജനവിഭാഗങ്ങൾക്ക‌് സൗജന്യമായി ലഭ്യമാക്കുന്ന രീതിയിലാണ് സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്. പെരിന്തൽമണ്ണ ഇ.എം.എസ‌് സഹകരണ ആശുപത്രിയുമായി ചേർന്നാണ‌് പദ്ധതി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമല്ലാത്ത ചികിത്സ പെരിന്തൽമണ്ണ ഇ.എം.എസ‌് ആശുപത്രിയിൽ നൽകും. ഭക്ഷണത്തിനും യാത്രാസൗകര്യത്തിനും സർക്കാർ സഹായം അനുവദിക്കും. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും പോഷകാഹാരങ്ങൾ വിതരണം ചെയ്യും. ആദിവാസി കോളനികളിൽ ആരോഗ്യ പ്രവർത്തകരെ നിയോഗിച്ച‌് പോഷകാഹാരം ഉൾപ്പെടെയുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കും. ഡോക്ടർമാരുടെയും പാരാ മെഡിക്കൽ ജീവനക്കാരുടെയും സഹായത്തോടെ മൊബൈൽ ക്ലിനിക്കുകൾ നടത്തും. 24 മണിക്കൂറും ആംബുലൻസ‌് സർവിസുമുണ്ടാകും. മെഡിക്കൽ ക്യാമ്പുകൾ, പ്രതിരോധ കുത്തിവെപ്പ‌് ക്യാമ്പ‌്, ലാബ‌് സൗകര്യം, സൂപ്പർ സ‌്പെഷാലിറ്റി സേവനങ്ങളും നൽകും. ഗുണഭോക്താക്കൾക്ക‌് ആശുപത്രി ആരോഗ്യ സ‌്മാർട്ട് കാർഡ‌് നൽകും. ചൊവ്വാഴ‌്ച അഗളി കില ഓഡിറ്റോറിയത്തിൽ രാവിലെ 11ന‌് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ‌്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.