പത്തനാപുരം: ഏതുനിമിഷവും നിലംപൊത്താറായ കൂരയില്‍ ഉറങ്ങാതെ നേരംവെളുപ്പിക്കുകയാണ് പിറവന്തൂര്‍ പഞ്ചായത്തിലെ കറവൂര്‍ കുറുന്തമണ്‍ സ്വദേശി ലേഖയെന്ന വീട്ടമ്മ. മണ്‍കട്ടയില്‍ തകര ഷീറ്റ് മേഞ്ഞ ഇവരുടെ വീട് ഇഴജന്തുക്കളുടെ താവളമാണ്. തോരാത്ത മഴ കൂടിയായതോടെ ഒരുമുറി മാത്രമുള്ള വീട് ചോര്‍ന്നൊലിച്ചുതുടങ്ങി. ഭാരമുള്ള മരക്കഷണങ്ങള്‍ ഷീറ്റിന് മുകളിലിട്ടാണ് കാറ്റില്‍നിന്നു രക്ഷനേടുന്നത്. ഭര്‍ത്താവ് രാജീവിന് കൂലിവേല ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് മൂന്ന് കുട്ടികളടങ്ങുന്ന ഇവരുടെ കുടുംബം ജീവിച്ചുപോകുന്നത്. ഇളയ മകള്‍ ആറുവയസ്സുകാരി ആതിരക്ക് ജന്മനാ ഹൃദയ സംബന്ധമായ അസുഖമുണ്ട്. മകളുടെ ചികിത്സക്കും കുട്ടികളുടെ പഠനത്തിനുമായി ഈ നിർധനകുടുംബം ഏറെ ബുദ്ധിമുട്ടുകയാണ്. ഭവന ധനസഹായത്തിന് ലേഖ കയറിയിറങ്ങാത്ത ഓഫിസുകളില്ല. മന്ത്രി, കലക്ടർ മുതൽ പഞ്ചായത്ത് വരെയുള്ള ഓഫിസുകളില്‍ നിരവധിതവണ അപേക്ഷ കൊടുത്തിട്ടും ഫലവുമുണ്ടായില്ല. ബന്ധപ്പെട്ട എല്ലാ രേഖകളും സഹിതം ഭവന ധന സഹായത്തിനായി ഗ്രാമസഭയിൽ അപേക്ഷ നൽകി. ലേഖക്ക് വീടിനു അർഹത ഉണ്ടെന്നും വീട് നൽകാമെന്നും ഉറപ്പുംനൽകി. ലിസ്റ്റിൽ രണ്ടാം സ്ഥാനക്കാരിയാവുകയും ചെയ്തു. എന്നാൽ സ്വന്തമായി വീടെന്ന മോഹം ഇന്നും അകലെയാണ്. പരാതി നൽകിയതിനെ തുടര്‍ന്ന് ഭവനപദ്ധതിയില്‍ ഉൾപ്പെടുത്തി തുക അനുവദിക്കണമെന്ന് കലക്ടർ നിർദേശം നൽകിയെങ്കിലും അതിനും നടപടിയുണ്ടായില്ല. പ്രദേശത്ത് ആന ഉള്‍പ്പെടെ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ കുട്ടികളെ തനിച്ചാക്കി ജോലിക്ക് പോകാനും മാതാപിതാക്കള്‍ ഭയക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.