ആലപ്പുഴ: ബില്ലിലെ വിവരങ്ങൾ മാഞ്ഞുപോകാതിരിക്കാൻ വൈദ്യുതി ബിൽ നൽകുന്ന പേപ്പറിെൻറ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. എല്ലാ ഉപഭോക്താക്കളുടെയും ബിൽ സംബന്ധിച്ച വിവരങ്ങൾ മൊബൈൽ ഫോണിലൂടെ അറിയിക്കാൻ നടപടി സ്വീകരിക്കണമെന്നും കമീഷനംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. വൈദ്യുതി ബോർഡ് ഉപഭോക്താക്കൾക്ക് നൽകുന്ന ബിൽ ദിവസങ്ങൾക്കുള്ളിൽ മാഞ്ഞുപോവുകയാണെന്ന് സമർപ്പിച്ച പരാതിയിലാണ് നടപടി. കമീഷൻ വൈദ്യുതി ബോർഡ് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയറിൽനിന്ന് റിപ്പോർട്ട് വാങ്ങിയിരുന്നു. ബോർഡ് ഓഫിസ് കമ്പ്യൂട്ടർവത്കരിക്കുന്നതിെൻറ ഭാഗമായാണ് വൈദ്യുതി ബിൽ നൽകുന്ന സംവിധാനം കൊണ്ടുവന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് പേഴ്സനൽ ഡിജിറ്റൽ അസിസ്റ്റൻറ്സ് എന്നാണ് അറിയപ്പെടുന്നത്. ബിൽ മാഞ്ഞ് പോകുന്നുണ്ടെന്നും പരാതി വ്യാപകമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബിൽ മാഞ്ഞുപോകുന്നതായുള്ള പരാതി പരിഹരിക്കാൻ ഉപഭോക്താക്കളുടെ മൊബൈൽ ഫോൺ നമ്പർ ശേഖരിച്ച് വരികയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മൊബൈൽ ഫോൺ നമ്പർ ശേഖരിച്ച് കഴിഞ്ഞാൽ ബിൽ തുക സന്ദേശരൂപത്തിൽ അയക്കും. www. kseb.in വെബ്സൈറ്റിൽ നമ്പറും പേരും എൻറർ ചെയ്താൽ ബിൽ സൈറ്റിൽ ലഭ്യമാകും. എന്നാൽ, ബിൽ പേപ്പറിെൻറ ഗുണനിലവാരം മോശമാണെന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു. എല്ലാ ഉപഭോക്താക്കൾക്കും വിവര സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുണ്ടാകണമെന്നില്ല. എല്ലാവർക്കും മൊബൈൽ ഫോണുണ്ടെന്ന ധാരണ ശരിയല്ലെന്നും പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.