തിരുവനന്തപുരം: മെഡിക്കൽ പ്രവേശനം സുഗമമായി നടത്താൻ സർക്കാറുമായി സഹകരിക്കുമെന്ന് സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറുകൾ. മന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയിൽ സ്വാശ്രയ മാനേജുമെൻറുകളുമായി നിയമസഭാ ഹാളിൽ നടത്തിയ ചർച്ചയിലാണ് ധാരണ. സർക്കാറിന് എല്ലാ പിന്തുണയും മാനേജ്മെൻറുകൾ വാഗ്ദാനം ചെയ്തതായി മന്ത്രിയുടെ ഓഫിസ് അറിയിച്ചു. 100ശതമാനം സീറ്റുകളിലും സർക്കാർ പ്രവേശനം നടത്തും. ചില ന്യൂനപക്ഷ കോളജുകൾ പൊതുവിഭാഗത്തിൽ സീറ്റുകൾ കുറവുവരുത്തിയാണ് സീറ്റ് മെട്രിക്സ് സർക്കാറിന് നൽകിയത്. മന്ത്രിയുടെ അഭ്യർഥന പ്രകാരം ഇതുകഴിഞ്ഞ വർഷത്തേതിന് തുല്യമാക്കാമെന്ന് മാനേജുമെൻറുകൾ ഉറപ്പുനൽകി. കോളജ് നടത്തിപ്പിലെ പ്രയാസങ്ങൾ മാനേജ്മെൻറുകൾ മന്ത്രിയെ ധരിപ്പിച്ചു. ഫീസ് ഘടനയിൽ മാറ്റം വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. സുപ്രീംകോടതി ഉത്തരവു പ്രകാരം മുന്നോട്ടുപോകാമെന്ന് മന്ത്രി വ്യക്തമാക്കി. ഫീസ് െറഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസിൽ മാറ്റം വരുത്താൻ കഴിയില്ല. കോളജുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാറിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യും. പ്രവേശന സമയത്ത് എൻട്രൻസ് കമീഷണർക്ക് കുട്ടികൾ അടയ്ക്കുന്ന ഫീസ് മാനേജുമെൻറുകൾക്ക് ലഭിക്കാൻ വൈകുന്നുവെന്ന പരാതിയിൽ നടപടിയെടുക്കാൻ മന്ത്രി നിർദേശം നൽകി. പട്ടികവിഭാഗം വിദ്യാർഥികൾക്ക് സർക്കാർ നൽകുന്ന ഫീസിൽ കുടിശ്ശികയുണ്ടെന്നും മാനേജ്മെൻറുകൾ പരാതിപ്പെട്ടു. സ്വാശ്രയ കോളജുകളിൽ പ്രവേശനം നേടിയ പാവപ്പെട്ട കുടുംബത്തിലെ കുട്ടികൾക്ക് സ്‌കോളർഷിപ് നൽക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഫീ റെഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപസ് ഫണ്ട് രൂപവത്കരിച്ച് ഉത്തരവിറക്കിയിട്ടുണ്ടെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, എൻട്രൻസ് കമീഷണർ പി.കെ. സുധീർബാബു, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാബീവി, ജോ. ഡയറക്ടർ ഡോ. ശ്രീകുമാരി, മെഡിക്കൽ മാനേജ്മെൻറ് അസോസിേയഷൻ ഭാരവാഹികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.