തിരുവനന്തപുരം: വായന മരിക്കുന്നില്ല, എന്നാൽ, മാറുകയാണ്. സാഹിത്യത്തിൽനിന്ന് വിവരശേഖരണത്തിലേക്കാണ് പുതുതലമുറയുടെ വഴിമാറ്റം. സമൂഹമാധ്യമം വായനയുടെ പുതുമാധ്യമമായി മാറുകയും ചെയ്യുന്നു. ഗൗരവമായ വായനക്കൊപ്പമല്ല പുതുതലമുറയെന്നാണ് ഗ്രന്ഥശാലകളിൽനിന്ന് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്തെ സംസ്ഥാന ഗ്രന്ഥശാലയിൽ അംഗത്വമെടുക്കുന്നവരിൽ ഭൂരിപക്ഷവും വിദ്യാർഥികളാണ്. പഠനമേഖലയുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് ഇവർ വായിക്കുന്നത്. മത്സര പരീക്ഷ തയാറാറെടുപ്പിനാണ് മറ്റൊരു കൂട്ടർ ഗ്രന്ഥശാലകളിലെത്തുന്നത്. പഠനം കഴിയുന്നതോടെ ഗ്രന്ഥശാലയുമായുള്ള ബന്ധവും അവസാനിക്കും. പുതുതലമുറയെ ക്ലാസിക്കൽ വായനയിലേക്ക് കൊണ്ടു വരാൻ തിരുവനന്തപുരം പബ്ലിക് ലൈബ്രറി പദ്ധതി തയാറാക്കുന്നുണ്ട്. സ്കൂൾ ഗ്രന്ഥശാലകൾ സജീവമല്ലാതായത് പുതുതലമുറയെ സാഹിത്യവായനയിലേക്ക് കൊണ്ടുവരാൻ തടസ്സമായി. സമൂഹമാധ്യമം എഴുത്തും വായനയും സജീവമാക്കിയതായി സംസ്ഥാന ഗ്രന്ഥശാലയിലെ ലൈബ്രേറിയൻ പി.കെ. ശോഭന പറയുന്നു. കവിതയും കഥയും മാത്രമുള്ള നിരവധി ഗ്രൂപ്പുകൾ സജീവമാണ്. ഇവരെ അക്ഷരലോകത്ത് പിടിച്ചുനിർത്താൻ കഴിയുന്നുവെന്നത് ചെറിയ കാര്യമല്ല. ഇവിടെ ആധികാരികത പ്രതീക്ഷിേക്കണ്ട. ഇൗ ഗ്രൂപ്പുകൾ ക്രോഡീകരിക്കപ്പെടുന്നുമില്ല-അവർ പറഞ്ഞു. ഏതാനം വർഷം മുമ്പ് വരെ ഏതു പുസ്തകവും 3000 കോപ്പി ആദ്യ എഡിഷൻ അച്ചടിച്ചിരുന്ന സ്ഥാനത്ത് ഇന്ന് 500ൽ താഴെയാണ്. പ്രസാധക മേഖലയിലെ പ്രവണതയും വായനയെ പ്രതികൂലമായി ബാധിക്കുന്നു. പുസ്തകം അച്ചടിക്കാൻ പ്രസാധകനുപകരം ഗ്രന്ഥകാരൻ പണം നൽകണമെന്ന സ്ഥിതിയായി. മാർക്ക് ലഭിക്കുമെന്നതിനാൽ പിഎച്ച്.ഡി ഗവേഷണ പ്രബന്ധങ്ങൾവരെ പുസ്തകങ്ങളായി ഇറങ്ങുന്നു. ഇത്തരം പുസ്തകങ്ങളാണ് ഗ്രന്ഥശാലാ കൗൺസിലിെൻറ പുസ്തകമേളകളിൽ എത്തുന്നത്. 33 ശതമാനം ഡിസ്കൗണ്ട് നൽകണമെന്ന് ഗ്രന്ഥശാലാ കൗൺസിൽ പറയുേമ്പാൾ ഇത്തരം പ്രസാധകർ 70-75ശതമാനം ഇളവ് നൽകുന്നു. പുസ്തകത്തിെൻറ എണ്ണമാണ് ഗ്രേഡിങ് മാനദണ്ഡമെന്നതിനാൽ, വിലകുറഞ്ഞ പുസ്തകങ്ങൾ ഗ്രന്ഥശാലകൾ വാങ്ങുകയാണ്. കോടികളാണ് വായിക്കപ്പെടാത്ത പുസ്തകങ്ങൾക്ക് ചെലവാക്കുന്നത്. വായിക്കപ്പെടാത്ത പുസ്തകങ്ങൾ ഷെൽഫുകളിൽ നിറയുന്നതോടെ വായനക്കാർ ഗ്രന്ഥശാലകളിൽനിന്ന് അകലുമെന്ന ഭയവും ഗ്രന്ഥശാലാ പ്രവർത്തകർക്കുണ്ട്. എം.ജെ. ബാബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.