പുനലൂർ: കൈക്കൂലി നൽകാത്തതിനാൽ സൈനികെൻറ വീടിന് നമ്പർ നിഷേധിച്ച് വിവാദത്തിലായ പുനലൂർ നഗരസഭ ഒടുവിൽ നമ്പർ നൽകാൻ തീരുമാനിച്ചു. ഇതിനാവശ്യമായ പിഴത്തുകയായ 20,000 രൂപ നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലർമാർ ഒടുക്കി. എന്നാൽ, കൗൺസിലർമാർ ഇൗ തുക ഒടുക്കിയത് സൈനികനെയും കുടുംബത്തെയും പരിഹസിക്കാനാെണന്ന ആക്ഷേപവും ഉയർന്നു. ഇന്തോ-തിബത്തൻ ബോർഡർ പൊലീസിൽ സേവനം അനുഷ്ഠിക്കുന്ന കഴുതുരുട്ടി ഇസ്ഫീൽഡ് എസ്റ്റേറ്റിൽ ഹരികൃഷ്ണെൻറ വീടിനാണ് നമ്പർ നൽകാതെ ബുദ്ധിമുട്ടിച്ചത്. പുനലൂർ നഗരസഭയിലെ തുമ്പോട് വാർഡിലാണ് സൈനികനും മാതാവ് അനിതകുമാരിയുമടങ്ങുന്ന കുടുംബത്തിനായി വീട് നിർമിച്ചത്. ഇതിനായി 2016 മാർച്ച് 10ന് നഗരസഭയിൽനിന്ന് പെർമിറ്റ് നേടിയിരുന്നു. ഒമ്പത് മാസത്തിനുള്ളിൽ വീട് നിർമാണം പൂർത്തിയാക്കി നമ്പറിനായി ഡിസംബറിൽ നഗരസഭയിൽ അനിതകുമാരി അപേക്ഷ നൽകി. എന്നാൽ, നഗരസഭ റോഡിൽനിന്ന് മതിയായ ദൂരം പാലിച്ചിെല്ലന്ന് പറഞ്ഞ് നമ്പർ നൽകാൻ കൂട്ടാക്കിയില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട തുക കൈക്കൂലിയായി നൽകാത്തതിനാലാണ് നമ്പർ നിഷേധിച്ചതെന്ന് സൈനികനും മാതാവും ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് സൈനികെൻറ സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് വിവാദമുയർത്തി. ഇതോടെ സംഭവത്തിൽ വകുപ്പു മന്ത്രി കെ.ടി. ജലീൽ ഇടപെടുകയും വീടിന് നമ്പർ നൽകാനുള്ള നടപടി സ്വീകരിക്കാനും നഗരസഭയോട് ആവശ്യപ്പെട്ടു. സാധാരണനിലയിൽ നമ്പർ കൊടുക്കാമെന്നിരിക്കെ ഇവിടെയും ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഉണ്ടായത്. ഉന്നത സംഘത്തിെൻറ പരിശോധനയെ തുടർന്ന് അനധികൃത നിർമാണ ക്രമവത്കരണ ചട്ടം അനുസരിച്ചാണ് പിഴ ഈടാക്കിയ ശേഷം നമ്പർ നൽകാൻ ജില്ലാ നഗരാസൂത്രണ കാര്യാലയം ഉത്തരവിട്ടത്. നമ്പർ ലഭിക്കുന്നതിനുള്ള കാലതാമസവും കുടുംബത്തിെൻറ സാമ്പത്തിക ബുദ്ധിമുട്ടും കണക്കിലെടുത്താണ് പിഴ അടയ്ക്കാൻ കൗൺസിലർമാർ തയാറായതെന്ന് നഗരസഭാ ചെയർമാൻ എം.എ. രാജഗോപാൽ അറിയിച്ചു. കൈക്കൂലി ആവശ്യപ്പെട്ട ജീവനക്കാർക്കെതിരെ നടപടിയും ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.