ശാസ്താംകോട്ട: തൊഴിലാളി സംഘടനാപ്രവർത്തനത്തിനുവേണ്ടി സമർപ്പിതമായിരുന്നു ഇ. കാസിം എന്ന നേതാവിെൻറ ജീവിതം. പിന്നാലെ വന്നവരും കൈപിടിച്ച് പ്രസ്ഥാനത്തിലേക്ക് കൊണ്ടുവന്നവരുമെല്ലാം ഉന്നതസ്ഥാനങ്ങളിലേക്ക് പടികയറി പോയപ്പോഴും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിെൻറ ഭൂമികയിൽ നിസ്സംഗതയോടെ തൊഴിലാളിപക്ഷ പ്രവർത്തനം നടത്തുകയായിരുന്നു അദ്ദേഹം. മൈനാഗപ്പള്ളി കാരൂർക്കടവിലെ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ച ഇ. കാസിം എസ്.എഫ്.െഎയുടെ പൂർവരൂപമായ കെ.എസ്.എഫിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1970 ഡിസംബർ 31, 1971 ജനുവരി ഒന്ന്, രണ്ട് തീയതികളിലായി എസ്.എഫ്.െഎ രൂപവത്കരിക്കപ്പെട്ടപ്പോൾ കൊല്ലം ജില്ലാ പ്രസിഡൻറായി. കേരളത്തിലെ കാമ്പസുകളിൽ കെ.എസ്.യു കത്തിനിന്ന കാലത്ത് ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിൽ പി.ആർ. അയ്യപ്പദാസിനൊപ്പം എസ്.എഫ്.െഎയുടെ പതാക പാറിച്ചു. കോളജ് വിദ്യാഭ്യാസത്തിനുശേഷം സി.പി.എം ശാസ്താംകോട്ട ലോക്കൽ സെക്രട്ടറിയായി. പാടം മുതൽ പടിഞ്ഞാറേകല്ലട വരെ നീളുന്ന അവിഭക്ത കുന്നത്തൂർ താലൂക്കിലെ സി.പി.എമ്മിെൻറ സെക്രട്ടറിയായി ഏറെക്കാലം പ്രവർത്തിച്ചു. ഇതിനിടെ പുന്നമൂട് കശുവണ്ടി ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂനിയൻ രംഗത്ത് ചുവടുറപ്പിച്ചു. സി.െഎ.ടി.യുവിെൻറ ജില്ലാ പ്രസിഡൻറും കാഷ്യൂ വർക്കേഴ്സ് സെൻറർ (സി.െഎ.ടി.യു) സംസ്ഥാന ജനറൽസെക്രട്ടറിയുമായി പിന്നീട്. 1991ൽ ജില്ലാ കൗൺസിലിലേക്കും 1996ൽ ജില്ലാ പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡൻറും കുറഞ്ഞ കാലം ആക്ടിങ് പ്രസിഡൻറുമായി. കാപ്പക്സിെൻറയും കശുവണ്ടി വികസന കോർപറേഷെൻറയും ചെയർമാനായും 10 വർഷത്തോളം പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 13 മാസം ജയിൽവാസം അനുഭവിച്ചു. അന്നേറ്റ മർദനങ്ങൾ പിന്നീട് ആരോഗ്യത്തിന് വെല്ലുവിളിയായി. 1988 മുതൽ സി.പി.എമ്മിെൻറ ജില്ലാ സെക്രേട്ടറിയറ്റ് അംഗമാണ്. ഇത്രയുംകാലം ഇൗ പദവിയിലിരുന്ന മറ്റൊരു സി.പി.എം നേതാവും കൊല്ലത്തില്ല. കഴിഞ്ഞ സി.പി.എം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കൺട്രോൾ കമീഷൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കൊല്ലം ജില്ലയുടെ വടക്കൻ മേഖലയിലെ സി.പി.എമ്മിെൻറ ന്യൂനപക്ഷമുഖമായിരുന്നു ഇ. കാസിം. രാഷ്ട്രീയശത്രുക്കൾ പോലും ബഹുമാനിക്കുന്ന മൂല്യാധിഷ്ഠിത പൊതുപ്രവർത്തനത്തിെൻറ നേർക്കാഴ്ചയായിരുന്നു ആ വിപ്ലവജീവിതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.