താമ്പരം ദിനേനയാക്കി, പാലരുവി തിരുനെൽവേലിയിലേക്ക്- കേന്ദ്ര റെയിൽവേ മന്ത്രി

പുനലൂർ: താമ്പരം- കൊല്ലം സ്പെഷൽ ട്രെയിൻ എല്ലാദിവസവും ഓടിക്കുമെന്നും പുനലൂർ- പാലക്കാട് പാലരുവി എക്സ്പ്രസ് തിരുനെൽവേലിയിലേക്ക് നീട്ടിയതായും കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗോഹെയ്ൻ പ്രഖ്യാപിച്ചു. പുനലൂർ -ചെങ്കോട്ട ബ്രോഡ്ഗേജ് ലൈൻ രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. താമ്പരം എക്സ്പ്രസിന് പുറമെ തിരുവനന്തപുരം- മംഗളൂരു രണ്ടാം ട്രെയിനും ശനിയാഴ്ച പ്രഖ്യാപിച്ചതായി മന്ത്രി പറഞ്ഞു. നിലവിൽ താമ്പരം എക്സ്പ്രസ് സ്പെഷൽ ട്രെയിനായി ആഴ്ചയിൽ രണ്ടുദിവസമാണുള്ളത്. ഈ ട്രെയിൻ എഗ്മൂർ വരെ നീട്ടുന്നകാര്യം റെയിൽവേ ബോർഡി​െൻറ പരിഗണനിയിലാണ്. ഈ ട്രെയിൻ എല്ലാദിവസവും ആകുന്നതോടെ നാലിരട്ടി അധിക ചാർജ് നൽകേണ്ട നിലവിെല സാഹചര്യം മാറും. പുനലൂരിൽനിന്ന് ആരംഭിച്ച് കൊല്ലം, കോട്ടയം-എറണാകുളം-ഷൊർണൂർ വഴി പാലക്കാട് അവസാനിക്കുന്നതാണ് പാലരുവി. ഇനിമുതൽ ഈ ട്രെയിൻ പുനലൂർ, ചെങ്കോട്ട, തെങ്കാശിവഴി തിരുനെൽവേലിയിൽ അവസാനിക്കും. ഈ പാത മീറ്റർ ഗേജായിരുന്നപ്പോൾ കേരളത്തിനും തമിഴ്നാടിനും ഇടയിലുണ്ടായിരുന്ന മറ്റ് ട്രെയിനുകൾ പുനരാരംഭിക്കണമെന്ന മേഖലയിലെ എം.പിമാരുടെ ആവശ്യം റെയിൽവേ ബോർഡ് പരിശോധനക്കുശേഷം അനുഭാവപൂർവം പരിഗണിക്കും. യാത്രക്കാരുടെ സുരക്ഷക്കും സൗകര്യത്തിനും റെയിൽവേ മുന്തിയ പരിഗണനയാണ് നൽകുന്നത്. യാത്രക്കാർക്ക് മതിയായ സൗകര്യം ഒരുക്കാൻ കഴിഞ്ഞവർഷം 27 കോടി രൂപയുടെ പ്രവർത്തനം കേരളത്തിൽ പൂർത്തിയാക്കി. കഴിഞ്ഞ നാലു വർഷത്തേതിൽനിന്ന് 31 ശതമാനം ഫണ്ട് അധികമായി അനുവദിച്ച് ചെലവിട്ടു. ഈ വർഷം കേരളത്തിന് രണ്ട് പ്രധാന പദ്ധതികൾ റെയിൽവേ അനുവദിച്ചു. എറണാകുളം- ഷൊർണൂർ 100 കിലോമീറ്ററിൽ മൂന്നാം ലൈൻ, നേമത്ത് കോച്ചിങ് സംവിധാനം എന്നിവയാണിതെന്നും മന്ത്രി പറഞ്ഞു. 2010ലാണ് മീറ്റർ ഗേജ് നിർത്തലാക്കി പുനലൂർ-ചെങ്കോട്ട ബ്രോഡ്ഗേജ് നിർമാണം തുടങ്ങിയത്. 49.3 കിലോമീറ്റർ ദൂരത്തിലുള്ള പാതക്ക് 394 കോടി രൂപ ചെലവിട്ടു. പുനലൂർ ഉൾപ്പെടെ പുതിയ ബ്രോഡ്ഗേജ് കടന്നുപോകുന്ന കിഴക്കൻമേഖലയിലെ ടൂറിസം സാധ്യത പരിഗണിക്കുമെന്ന് ചടങ്ങിൽ സംബന്ധിച്ച കേന്ദ്ര ടൂറിസം മന്ത്രി കെ.ജെ. അൽഫോൺസ് കണ്ണന്താനം പറഞ്ഞു. പുനലൂർ അടിപ്പാതക്ക് സ്ഥലം ഏറ്റെടുക്കുന്ന നടപടി രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എം. വാസന്തി, വി.എം. രാജലക്ഷ്മി, പുനലൂർ നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ എന്നിവർ സംസാരിച്ചു. സതേൺ റെയിൽവേ അഡീഷനൽ ജനറൽ മാനേജർ പി.കെ. മിശ്ര സ്വാഗതവും ഡി.ആർ.എം നീനു ഇട്ടിയേര നന്ദിയും പറഞ്ഞു. കൊച്ചുവേളിയിൽനിന്ന് സ്പെഷൽ ട്രെയിനിലാണ് കേന്ദ്രമന്ത്രിമാർ പുനലൂരിൽ എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.