പരവൂർ: പോളച്ചിറ പുഞ്ചപ്പാടത്തെ കൃഷിയെച്ചൊല്ലി ഏലാ കർഷകസമിതിയും പാടശേഖരസമിതിയും തമ്മിൽ തർക്കം. വിളവെടുപ്പിനുമുമ്പ് മഴയെത്തിയതിനാൽ ഏക്കർകണക്കിന് കൃഷി നശിച്ചതായാണ് കർഷകസമിതിയുടെ പരാതി. എന്നാൽ, ഒരു തുണ്ടുനിലത്തിലെ വിളപോലും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പാടശേഖരസമിതിയുടെ വിശദീകരണം. മുൻവർഷങ്ങളിൽ കൃത്യസമയത്ത് വെള്ളം വറ്റിക്കാൻ നടപടി സ്വീകരിക്കാത്തതുമൂലമാണ് കൃഷിയിൽ പാകപ്പിഴ വന്നിട്ടുള്ളതെന്നാണ് പരാതികളുയർന്നിരുന്നത്. എന്നാൽ, ഇത്തവണ വിത്തിെൻറ കാര്യത്തിലാണ് വീഴ്ച സംഭവിച്ചതെന്നാണ് ആരോപണം. കാലവർഷാരംഭത്തിനുമുമ്പ് വിളവെടുക്കാൻ പാകത്തിൽ കൃത്യസമയത്ത് വെള്ളംവറ്റിച്ച് മൂന്നുമാസം കൊണ്ട് പാകമാകുന്ന വിത്താണ് ഇവിടെ സാധാരണയായി വിതക്കുന്നത്. ഇത്തവണ കൃത്യസമയത്ത് വെള്ളം വറ്റിച്ചെങ്കിലും നാലുമാസം കൊണ്ട് മാത്രം പാകമെത്തുന്ന വിത്താണ് കർഷകർക്ക് നൽകിയതെന്ന് പരാതിയുണ്ട്. ഇതുമൂലം വിളവെടുപ്പ് നടത്താൻ താമസമുണ്ടായെന്നാണ് കർഷകസമിതിയുടെ ആക്ഷേപം. വിളവെടുപ്പിന് നാലുമാസം വേണ്ടിവരുന്ന വിത്താണെന്നുള്ള കാര്യം അധികൃതർ കർഷകരിൽനിന്ന് മറച്ചുെവച്ചെന്നും ആക്ഷേപമുണ്ട്. എന്നാൽ, കർഷകസമിതിയുടെ പരാതി അടിസ്ഥാനരഹിതമാണെന്നാണ് പോളച്ചിറ ഏലാ പാടശേഖരസമിതി വ്യക്തമാക്കുന്നത്. കൃഷിയിറക്കിയ 225 ഏക്കറിലെയും കൊയ്ത്ത് ജൂൺ മൂന്നിന് പൂർത്തിയായിരുന്നു. അതുവരെയും ഏലായിൽ വെള്ളം കയാറാതിരിക്കാനുള്ള മുൻകരുതലായി നിലവിലുള്ള രണ്ട് പമ്പ്ഹൗസുകളും പ്രവർത്തിപ്പിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു. അതുകൊണ്ട് കൊയ്ത്തിന് ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുണ്ടാവുകയോ കൃഷിനശിക്കുകയോ ചെയ്തിട്ടില്ല. കൊയ്യാനും മെതിക്കാനും രണ്ടുവീതം കൊയ്ത്ത്-മെതി യന്ത്രങ്ങൾ ഉപയോഗിച്ചിരുന്നു. ഇത്തവണ 225 ഏക്കറിലാണ് കൃഷിയിറക്കിയത്. 400 ടൺ നെല്ല് ഉൽപാദിപ്പിക്കാൻ കഴിഞ്ഞതായും പാടശേഖരസമിതി ഭാരവാഹികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.