പുനലൂർ അടിപ്പാത: രണ്ടാംഘട്ട സമരത്തിന് സമരസമിതി

പുനലൂർ: പുനലൂർ-ചെങ്കോട്ട ബ്രോഡ്ഗേജ് പാത പൂർത്തിയാക്കി ഉദ്ഘാടനമായിട്ടും പുനലൂരിലെ അടിപ്പാത നിർമാണം എങ്ങുമെത്താത്തതിനെതിരെ സമരസമിതി രണ്ടാംഘട്ട സമരത്തിന് ഒരുങ്ങുന്നു. പാതയുടെ ഉദ്ഘാടനത്തിന് മുമ്പ് അടിപ്പാത പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ടവർ പലതവണ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ആവശ്യമായ ഭൂമിയേറ്റുടുക്കുന്നതിൽ അന്തിമതീരുമാനം ഉണ്ടാകാത്തതിനാൽ അടുത്തകാലത്തെങ്ങും പൂർത്തിയാകാനിടിയില്ല. പാത ശനിയാഴ്ച കമീഷൻ ചെയ്യുന്നതോടെ ഇനിമുതൽ കൂടുതൽ ട്രെയിനുകൾ ഇതുവഴി വരും. ഇതോടെ അടിപ്പാതയുടെ അഭാവം ഗതാഗതക്കുരുക്കിന് ഇടയാക്കും. സംസ്ഥാന അധികൃതരുടെ അനാസ്ഥയാണ് നിർമാണം വൈകാൻ ഇടയാക്കിയതെന്ന് അടിപ്പാത സംരക്ഷണസമിതി പ്രസിഡൻറ് എ.കെ. നസീർ, സെക്രട്ടറി വിത്സൻ എന്നിവർ ആരോപിച്ചു. റെയിൽവേ ഭൂമിയിൽ നടത്തേണ്ട പാലം അടക്കം റെയിൽവേ വിഭാഗം മൂന്ന് വർഷം മുമ്പ് പൂർത്തിയാക്കി. ഇപ്പോൾ ദിവസവും പലതവണ ഗേറ്റ് അടച്ചിടുന്നതിനെ തുടർന്നുള്ള വാഹനക്കുരുക്ക് പുനലൂർ പട്ടണത്തെ സ്തംഭിക്കാനിടയാക്കുന്നുണ്ട്. അനാസ്ഥക്കെതിരെ സമിതിയുടെ നേതൃത്വത്തിൽ 18 മുതൽ പുനലൂർ റെയിൽവേ ഗേറ്റിന് സമീപം അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്ന് സംരക്ഷണസമിതി ഭാരവാഹികൾ പറഞ്ഞു. പ്രീ-പ്രൈമറി വിദ്യാർഥി ഉറങ്ങിയതറിയാതെ സ്കൂൾ പൂട്ടിയ സംഭവം: പ്രധാനാധ്യാപികയോട് വിശദീകരണം തേടി അഞ്ചൽ: പ്രീ-പ്രൈമറി ക്ലാസ് മുറിയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ ശ്രദ്ധിക്കാതെ സ്കൂൾ പൂട്ടിപ്പോയ സംഭവത്തിൽ പ്രധാനാധ്യാപികയോട് അഞ്ചൽ എ.ഇ.ഒ പി. ദിലീപ് വിശദീകരണം ആവശ്യപ്പെട്ടു. അലയമൺ ഗവ. എൽ.പി സ്കൂളിൽ പി.ടി.എയുടെ ഉത്തരവാദിത്തത്തിൽ നടക്കുന്ന പ്രീ-പ്രൈമറി ക്ലാസിലെ മൂന്നരവയസ്സുകാരനായ ശിവമൗലിയാണ് ക്ലാസ്മുറിയിൽ ഉറങ്ങിക്കിടന്നത്. ഇതറിയാതെ അധ്യാപികമാർ മറ്റ് കുട്ടികളെ സ്കൂൾ വാഹനത്തിൽ കയറ്റിവിട്ടശേഷം പൂട്ടുകയായിരുന്നു. വീട്ടിന് മുന്നിൽ കാത്തുനിന്ന മാതാവാണ് മകൻ വാഹനത്തിലില്ലെന്ന് മനസ്സിലാക്കിയത്. കുട്ടി വാഹനത്തിൽ കയറിയിട്ടില്ലെന്നുള്ള വിവരം ഡ്രൈവർക്കും അറിയില്ലായിരുന്നു. രക്ഷാകർത്താക്കളും നാട്ടുകാരും പൊലീസും നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥി ക്ലാസ് മുറിയിൽ കിടന്നുറങ്ങുന്നത് കണ്ടത്. ഈ സംഭവത്തിലാണ് എ.ഇ.ഒ സ്കൂൾ പി.ടി.എ സെക്രട്ടറി കൂടിയായ പ്രധാനാധ്യാപികയോട് വിശദീകരണം ആവശ്യപ്പെട്ടത്. അഞ്ചൽ പൊലീസും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.