കാവനാട്: ശനിയാഴ്ച അർധരാത്രി മുതൽ ആരംഭിക്കുന്ന ട്രോളിങ് നിരോധനത്തിന് മുന്നോടിയായി മത്സ്യബന്ധനം കഴിഞ്ഞെത്തിയ ബോട്ടുകളിലെ വലയും മറ്റ് ഉപകരണങ്ങളും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിത്തുടങ്ങി. ഈ വർഷം നേരത്തേയാണ് നിരോധനം. 47 ദിവസങ്ങൾക്ക് പുറമെ അഞ്ച് ദിവസം കൂടി നീട്ടിയതിനാലാണ് ഇക്കുറി ട്രോളിങ് നിരോധനം നേരത്തേ ആരംഭിക്കുന്നത്. ജൂലൈ 31ന് അർധരാത്രി വരെയാണിത്. ജില്ലയിൽ ട്രോളിങ് നിരോധനം സുഗമമായി നടപ്പാക്കുന്നതിനുള്ള ഒരുക്കം പൂർത്തിയായതായി അധികൃതർ പറഞ്ഞു. ശക്തികുളങ്ങര-നീണ്ടകര ഹാർബറുകളിൽനിന്ന് ആയിരത്തോളം ബോട്ടുകളാണ് മത്സ്യബന്ധനത്തിന് പോകുന്നത്. ഇതിൽ ഭൂരിഭാഗം ബോട്ടുകളും വെള്ളിയാഴ്ച സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി കെട്ടി. മത്സ്യലഭ്യത കുറവായതിനാലാണ് നേരത്തേ മീൻപിടിത്തം അവസാനിപ്പിച്ച് ബോട്ടുകൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതെന്ന് ബോട്ടുടമകൾ പറയുന്നു. ട്രോളിങ് നിരോധന കാലയളവിൽ ബോട്ടുകളിൽ മോഷണം പതിവായതിനാലാണ് വിലപിടിപ്പുള്ള ഉപകരണങ്ങളും മറ്റും സുരക്ഷിത സ്ഥാനങ്ങളിൽ സൂക്ഷിക്കുന്നത്. കൂടുതൽ ദിവസം കടലിൽ തങ്ങി മത്സ്യ ബന്ധനം നടത്തുന്ന ബോട്ടുകളിൽ ഇനി തീരത്ത് എത്താനുള്ളവ ശനിയാഴ്ച രാവിലെ ഹാർബറുകളിൽ എത്തിയ ശേഷം അഷ്ടമുടിക്കായലിെൻറ തീരങ്ങളിലെ യാഡുകളിലേക്ക് മാറ്റും. പല ബോട്ടുകളുടെയും അറ്റകുറ്റപ്പണികളും പെയിൻറിങ്ങുമെല്ലാം ട്രോളിങ് നിരോധന കാലയളവിലാണ് ചെയ്യുന്നത്. ഭൂരിഭാഗം ബോട്ടുകളും നീണ്ടകര പാലത്തിന് കിഴക്ക് ഭാഗം മുതൽ തോപ്പിൽ കടവ് വരെയുള്ള അഷ്ടമുടി ക്കായലിെൻറ തീരങ്ങളിലാണ് ഈ കാലയളവിൽ നിർത്തിയിടുന്നത്. ബോട്ടുകളിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. ചിലർ തമിഴ് നാട്ടിലെ തൂത്തുക്കുട്ടി, കന്യാകുമാരി എന്നിവിടങ്ങളിലെ ഹാർബറുകളിൽ ജോലിക്കായി പോകും. അവിടെ ട്രോളിങ് നിരോധനം തീരുന്ന സമയമാണിപ്പോൾ. കഴിഞ്ഞ കാലയളവിന് ശേഷം മീൻ ലഭ്യത കുറവായിരുെന്നന്നും അതിനാൽ ട്രോളിങ് നിരോധന കാലയളവ് കുറക്കണമെന്നും വർഷത്തിൽ രണ്ട് തവണയായി നടപ്പാക്കണമെന്നുമാണ് ബോട്ടുടമകൾ പറയുന്നത്. കഴിഞ്ഞ സീസണിൽ പല ബോട്ടുടമകൾക്കും ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായും ഇവർ പറയുന്നു. എന്നാൽ, ഇക്കുറി ട്രോളിങ് നിരോധനം അഞ്ച് ദിവസം കൂടി നീട്ടിയിരിക്കുകയാണ്. ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ശനിയാഴ്ച രാവിലെ പരവൂർ മുതൽ അഴീക്കൽ വരെ കടലിലും ഉച്ചക്കു ശേഷം കരയിലും മൈക്ക് അനൗൺസ്മെൻറ് നടത്തും. ഒമ്പതിന് അർധരാത്രി നീണ്ടകര പാലത്തിലെ സ്പാനുകൾ തമ്മിൽ ചങ്ങലയിട്ട് ബന്ധിക്കുന്നതോടെ ട്രോളിങ് നിരോധനം നിലവിൽ വരും. നിരോധന കാലയളവിൽ ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ അടിക്കുന്നതിനായി ശക്തികുളങ്ങര, അഴീക്കൽ എന്നിവിടങ്ങളിലെ മത്സ്യഫെഡ് പമ്പുകൾ തുറന്ന് പ്രവർത്തിക്കും. തീരദേശത്തെ മറ്റ് ഒരു പമ്പും ഈ കാലയളവിൽ തുറക്കില്ല. തീരത്തും ഹാർബറുകളിലും പൊലീസിെൻറ സജീവ സാന്നിധ്യം ഉറപ്പാക്കും. നീണ്ടകര, അഴീക്കൽ എന്നിവിടങ്ങളിൽ മറൈൻ എൻഫോഴ്സമെൻറ് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. സീ റെസ്ക്യൂ സ്ക്വാഡും കോസ്റ്റൽ പൊലീസ് ബോട്ടും രക്ഷാപ്രവർത്തനത്തിനുണ്ടാകും. ട്രോളിങ് നിരോധന കാലത്ത് വള്ളങ്ങൾക്ക് നീണ്ടകര ഹാർബറിലെത്തി മത്സ്യവിപണനം നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.