കുളത്തൂപ്പുഴ: കരിമ്പനി കണ്ടെത്തിയ കുളത്തൂപ്പുഴ വില്ലുമല ആദിവാസി കോളനിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഉൗർജിതമാക്കി. വ്യാഴാഴ്ച രാവിലെ കുളത്തൂപ്പുഴയിലെത്തിയ ജില്ലാ മെഡിക്കൽ സംഘം രോഗം സ്ഥിരീകരിച്ച വില്ലുമല ആദിവാസി കോളനിയിലെ വീടുകളിൽ വിശദ പരിശോധന നടത്തി. വനമേഖലയിൽ കാണപ്പെടുന്ന മണലീച്ച എന്ന പ്രാണിവഴിയാണ് രോഗം പടരുന്നതെന്നതിനാൽ ഇവയെ തുരത്തുന്നതിനുള്ള നടപടികളാണ് ആദ്യഘട്ടമായി ആരംഭിച്ചത്. കോളനിയിലെ എഴുപതോളം വീടുകളിലും പ്രത്യേക രാസപദാർഥം അടങ്ങിയ കീടനാശിനി സ്േപ്ര ചെയ്തു. അഞ്ചുദിവസം നീണ്ട പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ സമീപകോളനികളിലും കീടനാശിനി സ്േപ്ര ചെയ്യും. പ്രദേശം ഫോഗിങ് നടത്തി മണലീച്ച മുക്തമാക്കുന്നത് സംബന്ധിച്ചും രോഗം പടരാതിരിക്കുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ചും ബോധവത്കരണ ക്ലാസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. കിഴക്കൻ മേഖലയിൽ മുമ്പും കരിമ്പനി കണ്ടെത്തിയിരുന്നെങ്കിലും ആരോഗ്യവകുപ്പ് നടത്തിയ ശക്തമായ പ്രവർത്തനങ്ങളെതുടർന്ന് ഇവ നിയന്ത്രണവിധേയമായിരുന്നു. വർഷങ്ങൾക്കുശേഷം വീണ്ടും കരിമ്പനി കണ്ടെത്തിയതിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം. അതേസമയം മാസാമാസങ്ങളിൽ തുടർച്ചയായി മെഡിക്കൽ ക്യാമ്പുകളും വിദഗ്ധചികിത്സകളും ലഭ്യമാക്കുന്ന പ്രദേശത്ത് കരിമ്പനി കണ്ടെത്തിയതിൽ പൊതുജനങ്ങൾക്കിടയിൽ ഭീതി നിലനിൽക്കുന്നുണ്ട്. പ്രദേശത്തെ വനപ്രദേശങ്ങളിൽ കാട്ടുമൃഗങ്ങളുടെ സാന്നിധ്യം ഏറെയുള്ളതും വനമേഖലയിൽ മണലീച്ചയും മറ്റ് പ്രാണികളും സർവസാധാരണമായതിനാലുമാണ് ആശങ്ക. മണലീച്ച വഴി രോഗാണു ശരീരത്തിലെത്തിയാലും ആഴ്ചകളോളം കഴിഞ്ഞുമാത്രമേ രോഗലക്ഷണം കാട്ടുകയുള്ളൂവെന്ന അറിവും ആദിവാസി സമൂഹത്തിനിടയിൽ മ്ലാനത പടർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.