തിരുവനന്തപുരം: ഗ്രാമങ്ങളിലിപ്പോൾ കാട് വളരുകയാണ്, അല്ല കാടിനെ സൃഷ്ടിക്കുകയാണ്. വനമേഖലയുമായി ബന്ധമില്ലാത്ത ഗ്രാമപ്രദേശങ്ങളിലാണ് കാട് വളർത്തുന്നത്. സാമൂഹിക വനവത്കരണവിഭാഗമാണ് വനദീപ്തിയെന്ന പേരിൽ നാട്ടിലും കാട് വളർത്തുന്നത്. പത്തനാപുരത്തിന് സമീപം പത്തുപറ, കൊല്ലം ജില്ലയിലെ ഇളമ്പ്രകോട് എന്നിവിടങ്ങളിലാണ് നിലവിൽ കാട് വളർത്തുന്നത്. മരങ്ങൾ വളർന്നുതുടങ്ങിയതോടെ ചെറിയ ഇനം വന്യജീവികളും പക്ഷികളും ഇവിടേക്ക് എത്തിത്തുടങ്ങി. കെ.ബി. ഗേണഷ്കുമാർ വനം മന്ത്രിയായിരിക്കെ പത്തുപറയിലെ അഞ്ച് ഹെക്ടറിലായിരുന്നു ആദ്യ പരീക്ഷണം. യൂക്കാലി പൂർണമായും വെട്ടിമാറ്റിയതോടെയാണ് ഇങ്ങനെയൊരാശയം കടന്നുവന്നത്. സാമൂഹികവനവത്കരണ വിഭാഗം ചീഫ് കൺസർവേറ്റർ കെ.എ. മുഹമ്മദ് നൗഷാദിനായിരുന്നു കാട് വളർത്താനുള്ള ചുമതല. ഒരുവർഷം വളർച്ചയെത്തിയ വൃക്ഷത്തൈകളാണ് നട്ടത്. പ്രതീക്ഷിച്ചതിനും അപ്പുറത്തായിരുന്നു ചെടികളുടെ വളർച്ച. കാട് നട്ടുവളർത്താമെന്ന് തെളിയിക്കപ്പെടുകയായിരുന്നു ഇതിലൂടെ. തുടർന്നാണ് പിറ്റേവർഷം പാരിപ്പള്ളിക്കടുത്ത് ഇളമ്പ്രക്കോട് 20 ഹെക്ടർ സ്ഥലം ഏറ്റെടുത്തത്. അക്കേഷ്യ വെട്ടിമാറ്റിയാണ് വൃക്ഷത്തൈകൾ നട്ടത്. ഇവിടെയും ഒരുവർഷം വളർച്ചയെത്തിയ തൈകൾ നട്ടു. ഇരുൾ, മഹാഗണി, ലക്ഷ്മിതരു, കമ്പകം, തേക്ക്, സിൽവർഒാക്ക്, ഇൗട്ടി, ദന്തപ്പാല, അരയാൽ, കൂവളം, അശോകം, കൂവളം, പേര, നെല്ലി, ആഞ്ഞിലി, എലിച്ചുഴി തുടങ്ങി 30ഒാളം ഇനങ്ങളാണ് നട്ടത്. വംശനാശഭീഷണി നേരിടുന്ന കരിമരം കുളത്തൂപ്പുഴ വനത്തിൽനിന്നാണ് കൊണ്ടുവന്നതെന്ന് വനപാലകർ പറയുന്നു. ആവാസവ്യവസ്ഥയിൽ മാറ്റം വന്നതോടെ ജീവികൾ ഇവിടേക്ക് എത്തി. പക്ഷികളും ചിത്രശലഭങ്ങളും കാട്ടിലേക്ക് വന്നുതുടങ്ങി. മയിൽ നിത്യസാന്നിധ്യമായി. 15 വർഷം മുമ്പ് മൊട്ടക്കുന്നായിരുന്ന ഇവിടെ വനം വകുപ്പാണ് അക്കേഷ്യ നട്ടത്. ഇവിടുള്ള അവശേഷിക്കുന്ന അക്കേഷ്യയും വെട്ടിമാറ്റാനുള്ള തീരുമാനത്തിലാണിപ്പോൾ. അതോടെ ഇളമ്പ്രകോട് വനത്തിെൻറ വിസ്തൃതി വർധിക്കും. ശാസ്താംകോട്ട തടാക സംരക്ഷണത്തിെൻറ ഭാഗമായി ഒരുഹെക്ടർ സ്ഥലത്ത് രാജഗിരി എന്ന പേരിലും കാട് സൃഷ്ടിച്ചിട്ടുണ്ട്. കഴക്കൂട്ടം സൈനിക സ്കൂൾ വളപ്പിൽ അദാനി ഗ്രൂപ്പിെൻറയും ദേശീയപാത അതോറിറ്റിയുടെയും ബദൽ വനവത്കരണ പദ്ധതിയുടെ ഭാഗമായി കാട് വളർത്തൽ ആരംഭിച്ചിട്ടുണ്ട്. സ്ഥലമുണ്ടെങ്കിൽ എവിടെയും കാട് വളർത്തിയെടുക്കാൻ കഴിയുമെന്ന് സ്ഥാപിക്കുകയാണ് സാമൂഹികവനവത്കരണ വിഭാഗം. എം.ജെ. ബാബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.