തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ആദ്യ ഇലക്ട്രിക് ബസ് ജൂൺ 18ന് നിരത്തിലിറങ്ങും. പൂർണമായും വൈദ്യുതോർജത്തിൽ പ്രവർത്തിക്കുന്ന ബസ് പരീക്ഷണാടിസ്ഥാനത്തിലാണ് തിരുവനന്തപുരം നഗരത്തിൽ 15 ദിവസത്തേക്ക് സർവിസ് നടത്തുക. ഇന്ധനച്ചെലവിനൊപ്പം പുക മലിനീകരണവും കുറക്കാനാകും. 40 പുഷ്ബാക്ക് സീറ്റുകളോടുകൂടിയ ബസിൽ സി.സി.ടി.വി കാമറ, ജി.പി.എസ്, ഇൻറർനെറ്റ്, വിനോദസംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. ശീതീകരണസംവിധാനങ്ങളുമുണ്ടാകും. ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കും ഗർഭിണികൾക്കും സൗകര്യപ്രദമായ രീതിയിലാണ് ബസിലെ സജ്ജീകരണങ്ങൾ. ഡീസൽ, സി.എൻ.ജി ബസുകളെക്കാൾ ഒാപറേഷൻ ചെലവും കുറവാണ്. കർണാടക, ആന്ധ്ര, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിൽ സർവിസ് നടത്തുന്ന ഗോൾഡ് സ്റ്റോണ്‍ ഇൻഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് തലസ്ഥാനത്തും പരീക്ഷണ സർവിസ് നടത്തുക. ഇതു വിജയിക്കുകയാണെങ്കിൽ സംസ്ഥാനത്ത് 300 വൈദ്യുതിബസുകൾ നിരത്തിലിറക്കാനാണ് കെ.എസ്.ആർ.ടി.സി ആലോചിക്കുന്നത്. 15 ദിവസത്തെ പരീക്ഷണ ഒാട്ടത്തിന് വാടകയില്ലെന്നതും കെ.എസ്.ആർ.ടി.സിക്ക് ആശ്വാസമാകും. നേരേത്ത ഇലക്ട്രിക് ബസുകൾ വാങ്ങി സർവിസ് നടത്താൻ കെ.എസ്.ആർ.ടി.സി ആലോചിച്ചിരുന്നു. കേന്ദ്രസർക്കാറിെൻറ സബ്സിഡി കൂടി പ്രയോജനപ്പെടുത്തിയാലും വൻ സാമ്പത്തികബാധ്യത വരുമെന്നതിനാൽ ഈ ശ്രമം മുന്നോട്ടുപോയില്ല. വില കൂടുതലായതിനാൽ നേരിട്ട് ബസ് വാങ്ങുന്നതിനുപകരം ഇലക്ട്രിക് ബസുകൾ വാടകക്കെടുത്ത് ഓടിക്കാനാണ് ആലോചിക്കുന്നത്. അതേസമയം, വാടകസ്കാനിയയുടെ ദുരവസ്ഥ അനുഭവത്തിലുള്ളതിനാൽ ഇതിന് എത്രത്തോളം സാധ്യതയുണ്ടെന്ന് വ്യക്തമല്ല. 1.5 കോടി മുതലാണ് വൈദ്യുതി ബസുകളുടെ വില. ഒരു ചാർജിങ്ങിൽ 150 കിലോമീറ്റർ വരെ ഓടാവുന്ന ബസുകളാണ് നിലവിൽ സർവിസ് നടത്തുക. ബംഗളൂരു െമേട്രാപൊളിറ്റൻ ട്രാൻസ്േപാർട്ട് കോർപറേഷൻ, തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ എന്നിവക്ക് കീഴിൽ ഇലക്ട്രിക് ബസ് സർവിസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.