കൊല്ലം: കളിചിരികളും കുസൃതിയും ചിണുങ്ങലുമൊെക്കയായി കുട്ടികൾ അക്ഷരമുറ്റെത്തത്തി. അധ്യയന വർഷാരംഭത്തിന് വെള്ളിയാഴ്ച രാവിലെ മണിമുഴങ്ങിയതോടെ നവാഗതർ ഉൾപ്പെടെ മൂന്നര ലക്ഷത്തോളം വിദ്യാർഥികളാണ് ജില്ലയിൽ വിദ്യാലയ മുറ്റത്ത് പടി കടന്നെത്തിയത്. ചിലയിടങ്ങളിൽ ചാറ്റൽ മഴയും സ്കൂൾ തുറക്കലിന് മുന്നോടിയായി എത്തി. രക്ഷാകർത്താക്കളോടൊപ്പം കളിച്ചും ചിരിച്ചും പുതുവസ്ത്രങ്ങൾ അണിഞ്ഞും പുത്തൻ ബാഗ് തൂക്കിയും വർണക്കുടകൾ ചൂടിയും എത്തിയ കുരുന്നുകളെ അക്ഷരത്തൊപ്പികൾ അണിയിച്ചും വർണബലൂണുകളും മധുരവും സമ്മാനങ്ങളും നൽകി അക്ഷരമുറ്റത്തേക്ക് വരവേറ്റു. മുതിർന്ന കുട്ടികൾ നവാഗതരുടെ കൈപിടിച്ച് ക്ലാസുകളിലേക്ക് ആനയിക്കുകയായിരുന്നു. വർണാഭമായ പ്രവേശനോത്സവ ചടങ്ങുകളാണ് എങ്ങും ഒരുക്കിയത്. സന്തോഷത്തോടെ പ്രവേശനോത്സവ ചടങ്ങുകൾ വീക്ഷിച്ച കുരുന്നുകൾ ക്ലാസുകളിൽ എത്തിയതോടെ പലരുടെയും രൂപവും മട്ടും മാറിത്തുടങ്ങി. ചിരി കരച്ചിലിന് വഴിമാറി. അധ്യാപകർ സമ്മാനങ്ങൾ നൽകി കരച്ചിലടക്കാൻ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ല. ഒടുവിൽ രക്ഷാകർത്താക്കളും കുരുന്നുകൾക്കൊപ്പം ക്ലാസ് മുറികളിൽ സ്ഥാനം പിടിച്ചു. പല സ്കൂളുകളിലും വിഭവസമൃദ്ധമായ സദ്യയും കുട്ടികൾക്കായി ഒരുക്കിയിരുന്നു. ഉച്ചയോടെ ആദ്യദിന അധ്യയനം മതിയാക്കി കുട്ടികൾ വീടുകളിലേക്ക് മടങ്ങി. പ്രവേശനോത്സവം വേറിട്ടതാക്കാൻ സ്കൂളുകൾ നേരത്തേതന്നെ തയാറെടുപ്പുകൾ നടത്തിയിരുന്നു. ഹരിതചട്ട പ്രകാരമാണ് മിക്ക സ്കൂളുകളും പ്രവേശനോത്സവം സംഘടിപ്പിച്ചത്. ഫ്ലക്സ് ബോർഡ് ഒഴിവാക്കി തുണികൊണ്ടുള്ള ബാനറുകളും മറ്റുമാണ് പല സ്കൂളുകളും ഉപയോഗിച്ചത്. ജനമൈത്രി പൊലീസ്, തദ്ദേശ സ്ഥാപനങ്ങൾ, പി.ടി.എ തുടങ്ങിയവയുടെ സഹായത്തോടെയായിരുന്നു പ്രവേശനോത്സവം സംഘടിപ്പിച്ചത്. സ്കൂളുകൾ പെയിൻറടിച്ചും അറ്റകുറ്റപ്പണി നടത്തിയും മോടിപിടിപ്പിച്ചിരുന്നു. പല ഗവ. സ്കൂളുകളിലും മുൻ വർഷത്തേക്കാൾ കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയിട്ടുണ്ട്. സ്മാർട്ട് ക്ലാസുകൾ ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും സ്കൂളുകൾക്ക് ലഭ്യമാക്കിയതായി അധികൃതർ പറഞ്ഞു. പ്രവേശനോത്സവ ചടങ്ങുകളിൽ ജനപ്രതിനിധികളുടെയും രക്ഷാകർത്താക്കളുടെയും പങ്കാളിത്തവും ശ്രദ്ധിക്കപ്പെട്ടു. വെള്ളിയാഴ്ച രാവിലെ റോഡുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. മിക്ക സ്കൂളുകൾക്ക് മുന്നിലും ഏറെ നേരം ഗതാഗതക്കുരുക്കും രൂപപ്പെട്ടു. സ്കൂൾ കുട്ടികളെ കുത്തിനിറച്ച് പോകുന്ന ഓട്ടോറിക്ഷകൾ, വാനുകൾ തുടങ്ങിയവക്കെതിരെയും അമിതവേഗത്തിലോടുന്ന സ്വകാര്യ ബസുകൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.