മിഠായി പദ്ധതി പ്രമേഹരോഗികളായ എല്ലാ കുട്ടികളിലുമെത്തിക്കും- മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: മിഠായി പദ്ധതി കേരളത്തിലെ പ്രമേഹരോഗികളായ എല്ലാ കുട്ടികളിലും എത്തിക്കുമെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. പദ്ധതിയില്‍ ഇതുവരെ 908 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ഇതില്‍ 400 പേരെയാണ് പരിഗണിക്കുന്നത്. കേരളത്തില്‍ 3000 പ്രമേഹരോഗികളായ കുട്ടികളുണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് എല്ലാവര്‍ക്കും കൂടി ലഭ്യമാക്കാന്‍ 10 കോടിയിലധികം രൂപ വേണ്ടിവരും. ഇത് ധനകാര്യവകുപ്പ് പരിഗണിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. കേരള സാമൂഹിക സുരക്ഷാ മിഷ​െൻറ പ്രമേഹബാധിത കുട്ടികള്‍ക്കുള്ള സാമൂഹികസുരക്ഷാ പദ്ധതിയായ 'മിഠായി'യുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പ്രത്യേക പരിഗണന ലഭിക്കേണ്ടവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് സാമൂഹിക നീതി വകുപ്പ് ശ്രമിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, സാമൂഹിക നീതിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിതാശിശു വികസന ഡയറക്ടര്‍ ഷീബ ജോര്‍ജ്, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ നൂഹ് ബാവ, ഗോപിനാഥ് മുതുകാട്, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. Box *എന്താണ് 'മിഠായി'? ടൈപ് വണ്‍ പ്രമേഹരോഗം ബാധിച്ചവര്‍ക്ക് ഇന്‍സുലിന്‍ പെന്‍, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റര്‍, ഇന്‍സുലിന്‍ പമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും ആരോഗ്യ, ചികിത്സ, ഭക്ഷണകാര്യ ഉപദേശങ്ങളും പരിരക്ഷയും നല്‍കുന്ന സമഗ്രപദ്ധതിയാണ് മിഠായി. പ്രമേഹബാധിത കുട്ടികൾ കുപ്പികളില്‍ വരുന്ന വയല്‍ ഇന്‍സുലിന്‍ ആണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ഐസ് ബോക്‌സിലോ തെര്‍മോ ഫ്ലാസ്‌കിലോ സൂക്ഷിക്കേണ്ടിയിരുന്നു എന്നതും ഉപയോഗശേഷം മുപ്പത്തിയഞ്ച് മിനിറ്റ് കഴിയാതെ ആഹാരം കഴിക്കാന്‍ പാടില്ലായിരുന്നു എന്നതും അതി‍​െൻറ ന്യൂനതയായിരുന്നു. മിഠായി പദ്ധതിയില്‍ കുട്ടികള്‍ക്ക് നല്‍കുന്നത് വേദനയില്ലാത്തതും എളുപ്പം ഉപയോഗിക്കാന്‍ പറ്റുന്നതുമായ ആധുനിക പെന്‍ ഇന്‍സുലിനാണ്. ഇന്‍ജക്ട് ചെയ്താല്‍ അഞ്ച് മിനിറ്റിനുള്ളില്‍തന്നെ ഭക്ഷണം കഴിക്കാമെന്നതും പോക്കറ്റിലോ പെന്‍സില്‍ ബോക്‌സിലോ ഇട്ടുകൊണ്ട് നടക്കാമെന്നതും മിഠായിയുടെ മേന്മയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.