ഹോസ്​റ്റസ്​ പദ്ധതി ഉദ്​ഘാടനം ചെയ്​തു

തലസ്ഥാനനഗരിയില്‍ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത ഇടം തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി സ്ത്രീകള്‍ക്കായി സ്ത്രീകള്‍ നടത്തുന്ന സര്‍ക്കാര്‍ ഹോട്ടല്‍ പദ്ധതിയായ കെ.ടി.ഡി.സിയുടെ 'ഹോസ്റ്റസ്' പദ്ധതിക്ക് തലസ്ഥാനത്ത് തുടക്കം. തമ്പാനൂര്‍ കെ.ടി.ഡി.എഫ്.സി കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ പദ്ധതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഹോസ്റ്റസ് പദ്ധതി സ്ത്രീസുരക്ഷ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ രാജ്യത്തിന് മാതൃകയാണെന്നും ആറ് മാസത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തീര്‍ഥാടനം, ചികിത്സ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് തലസ്ഥാനനഗരിയില്‍ എത്തിച്ചേരുന്ന കൗമാര പ്രായക്കാരികളെയും സ്ത്രീകളെയും ലക്ഷ്യമിട്ടാണ് ഹോട്ടല്‍ ആരംഭിച്ചത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനും ബസ് ടെര്‍മിനലിനും ഏറ്റവുമടുത്തായാണ് ഇത്. അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ഹോട്ടലില്‍ 22 മുറികളും ഒരേസമയം 28 പേര്‍ക്ക് ഉപയോഗിക്കാവുന്ന രണ്ട് ഡോര്‍മിറ്ററികളും സജ്ജീകരിക്കും. മുറിക്ക് പ്രതിദിനം 1500 രൂപയും ഡോര്‍മിറ്ററിക്ക് നാല് മണിക്കൂറിലേക്ക് 500 രൂപയുമാണ് വാടക. പ്രഭാത ഭക്ഷണം സൗജന്യമായിരിക്കും. തലസ്ഥാനനഗരിയില്‍ എത്തിച്ചേരുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി നിര്‍ഭയം താമസിക്കാന്‍ 'ഹോസ്റ്റസ്' പര്യാപ്തമാവും. ലോക്കര്‍ സൗകര്യം, ചെക്ക് ഇന്‍- ചെക്ക് ഔട്ട് ഉള്‍പ്പെടെ നവീന സാങ്കേതികവിദ്യയിലൂന്നിയ അത്യാധുനികസൗകര്യം, ലോണ്‍ഡ്രി, ഫിറ്റ്നസ്, മൈക്രോവേവ് ഓവന്‍ സൗകര്യങ്ങള്‍ എന്നിവ ലഭ്യമാകുന്ന ഹോട്ടലില്‍ സ്ത്രീകള്‍ മാത്രമായിരിക്കും ജീവനക്കാർ. കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, വി.എസ്. ശിവകുമാര്‍ എം.എൽ.എ, ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍, കെ.ടി.ഡി.സി എം.ഡി രാഹുല്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.പി. കൃഷ്ണകുമാര്‍, ഇ.എം. നജീബ്, കൗണ്‍സിലര്‍ എം.വി. ജയലക്ഷ്മി എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.