തിരുവനന്തപുരം: ദേശീയ പ്രാധാന്യമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും യു.ജി.സി അംഗീകാരമുള്ള സർവകലാശാലകളുടെയും കോഴ്സുകളും ബിരുദങ്ങളും സംസ്ഥാനത്തെ സർവകലാശാലകൾ ഉൾപ്പെടെ വിദ്യാഭ്യാസസ്ഥാപനങ്ങളും തൊഴിൽ ഏജൻസികൾ/ ദാതാക്കളും അംഗീകരിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച വിദഗ്ധസമിതി ശിപാർശ. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഗവേണിങ് ബോഡി അംഗീകരിച്ച റിപ്പോർട്ട് സർക്കാർ നടപടിക്കായി സമർപ്പിച്ചു. ശിപാർശ സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കുന്നതോടെ കോഴ്സുകളുടെയും ബിരുദങ്ങളുടെയും തുല്യത സംബന്ധിച്ച് വിദ്യാർഥികളും ഉദ്യോഗാർഥികളും വർഷങ്ങളായി നേരിടുന്ന പ്രശ്നങ്ങൾക്ക് ഏറക്കുറെ പരിഹാരമാകും. പി.എസ്.സി ഉൾപ്പെടെ സ്ഥാപനങ്ങൾക്ക് ഇത് ബാധകമാകും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജി (െഎ.െഎ.ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (െഎ.െഎ.എസ്.സി ), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.െഎ.ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് സയൻസ് എജുക്കേഷൻ റിസർച് (െഎസർ) തുടങ്ങിയ സ്ഥാപനങ്ങളുടെ കോഴ്സുകളാണ് അംഗീകരിക്കേണ്ടത്. ഇതിനുപുറമെ സംസ്ഥാന/ കേന്ദ്ര സർവകലാശാലകളും നൽകുന്ന ബി.എസ്/ എം.എസ് ബിരുദങ്ങളും അംഗീകരിക്കണം. ഇത്തരം സ്ഥാപനങ്ങളുടെ ബിരുദങ്ങൾക്ക് അംഗീകാരം/ തുല്യത സർട്ടിഫിക്കറ്റ് ആവശ്യപ്പെടാൻ പാടില്ലെന്നും സമിതി ശിപാർശ ചെയ്തു. യു.ജി.സിയുടെ കാലാനുസൃതമായി പരിഷ്കരിക്കുന്ന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സർവകലാശാലകളുടെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ബിരുദങ്ങൾ പരസ്പരം അംഗീകരിക്കണം. സംസ്ഥാനത്തെ സർവകലാശാലകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽ ഏജൻസികൾ, തൊഴിൽ ദാതാക്കൾ എന്നിവർ ബിരുദങ്ങൾക്ക് യു.ജി.സി തയാറാക്കി പ്രസിദ്ധീകരിക്കുന്ന പേരുകളേ ഉപയോഗിക്കാൻ പാടുള്ളൂ. വിദേശ സർവകലാശാലകളുടെ ബിരുദങ്ങളുടെ അംഗീകാരം/തുല്യത എന്നീ വിഷയങ്ങളിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്സിറ്റീസ് (എ.െഎ.യു) പുറപ്പെടുവിച്ച നടപടിക്രമങ്ങളും വ്യവസ്ഥകളുമായിരിക്കണം പാലിക്കേണ്ടത്. ഓപൺ/വിദൂരവിദ്യാഭ്യാസ സമ്പ്രദായത്തിൽ നേടുന്ന ബിരുദങ്ങൾ, യു.ജി.സിയുടെ ഓപൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് റെഗുലേഷനുകൾക്ക് അനുസൃതമായി അംഗീകരിക്കണം. 2017ൽ റെഗുലേഷൻ പുറപ്പെടുവിക്കപ്പെടുന്നതിന് മുമ്പ് നേടിയ ബിരുദങ്ങളുടെ തുല്യതയും അംഗീകാരവും സംബന്ധിച്ച വിഷയങ്ങളിൽ ബന്ധപ്പെട്ട സർവകലാശാലകൾ അനുയോജ്യമായ തീരുമാനമെടുക്കണം. യു.ജി.സിയുടെ അംഗീകാരമുള്ളതും യു.ജി.സി മാനദണ്ഡങ്ങളിലും ചട്ടങ്ങളിലും വരുത്തുന്ന ഭേദഗതികൾക്കനുസൃതമായി പ്രവർത്തിക്കുന്നവയുമായ സ്വകാര്യ സർവകലാശാലകളുടെ ബിരുദങ്ങളും അംഗീകരിക്കണം. ബിരുദങ്ങളുടെ പേരുകൾ, അംഗീകാരം, തുല്യത തുടങ്ങിയവ സംബന്ധിച്ച പരാതികളിൽ തീർപ്പ് കൽപിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിന് കീഴിൽ സ്റ്റേറ്റ് ലെവൽ അക്കാദമിക് കമ്മിറ്റി രൂപവത്കരിക്കാൻ സർക്കാറിന് ശിപാർശ സമർപ്പിക്കാനും തീരുമാനിച്ചു. ഡോ. രാജൻ ഗുരുക്കൾ അധ്യക്ഷനായ സമിതിയിൽ ഡോ. രാജൻ വർഗീസ്, പ്രഫ.എ. നിശാന്ത്, പ്രഫ. അലക്സാണ്ടർ കെ. സാമുവൽ, അഡ്വ. കെ.എച്ച്. ബാബുജാൻ, ഡോ. സി. അബ്ദുൽ മജീദ്, പ്രഫ. കെ.കെ. വിശ്വനാഥൻ, ഡോ. ആർ. ശശികുമാർ എന്നിവർ അംഗങ്ങളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.